ഒറ്റപ്പിലാവ് തണത്തറ തോടിന്റെ തകര്‍ന്ന ഭിത്തികള്‍ കര്‍ഷകര്‍ അറ്റകുറ്റപണി നടത്തുന്നു

ഒറ്റപ്പിലാവ് തണത്തറ തോടിന്റെ തകര്‍ന്ന ഭിത്തികള്‍ കര്‍ഷകര്‍ അറ്റകുറ്റപണി നടത്തുന്നു. ജില്ലാ അതിര്‍ത്തിയില്‍ ചാലിശ്ശേരി, കടവല്ലൂര്‍ എന്നീ പഞ്ചായത്തുകളിലായി കിടക്കുന്ന 50 ഏക്കറോളം നെല്‍ക്കൃഷി തോടുഭിത്തി തകര്‍ന്നതുമൂലം വെള്ളക്കെട്ടിലായിരുന്നു. ചില ഭാഗങ്ങളില്‍ നെല്‍ച്ചെടികള്‍ നശിച്ചു.തണത്തറ തോടിന്റെ നവീകരണത്തിനു പലതവണ പദ്ധതികള്‍ ആവിഷ്‌കരിച്ചെങ്കിലും എല്ലാം പ്രഖ്യാപനത്തിലൊതുങ്ങി. 2 കോടി രൂപ ചെലവില്‍ തോടും മുട്ടിപ്പാലവും നവീകരിക്കുമെന്നായിരുന്നു വാഗ്ദാനം. പല ബജറ്റിലും പദ്ധതിയെക്കുറിച്ചു പരാമര്‍ശം ഉണ്ടായെങ്കിലും തുക മാത്രം അനുവദിച്ചില്ല.3 വര്‍ഷം പിന്നിട്ടിട്ടും മറ്റു നടപടികളൊന്നും ഉണ്ടായിട്ടില്ല.നിലവില്‍ തോടിന്റെ സ്ഥിതി അതീവ ശോച്യാവസ്ഥയിലാണ്. പാഴ്‌ച്ചെടികളും ചെളിയും ഒഴുക്കിനു തടസ്സമാകുന്നുണ്ട്. ജലസംഭരണ ശേഷിയും വലിയ തോതില്‍ കുറഞ്ഞു. കനത്ത മഴ പെയ്തതോടെ വരമ്പുകള്‍ തകര്‍ന്നു തോട്ടിലെ കല്ലും ചരലും നെല്‍വയലുകളിലേക്ക് ഒലിച്ചെത്തി. സര്‍ക്കാര്‍ പദ്ധതികള്‍ അടുത്തൊന്നും പ്രാബല്യത്തില്‍ വരില്ലെന്ന് ഉറപ്പായതോടെ കര്‍ഷകര്‍ കയ്യില്‍ നിന്നും പണമെടുത്ത് താല്‍ക്കാലിക അറ്റകുറ്റപ്പണികള്‍ നടത്തുകയാണ്. കൃഷി വകുപ്പിന്റെ അനുമതി ലഭിച്ചാല്‍ തീരെ ആഴം കുറഞ്ഞ ഭാഗങ്ങളില്‍ നിന്നും മണ്ണു നീക്കം ചെയ്യാനും ഒരുക്കമാണെന്നു കര്‍ഷകര്‍ പറഞ്ഞു. തോടിന്റെ ഈ അവസ്ഥ തുടര്‍ന്നാല്‍ മേഖലയിലെ പ്രധാന കൃഷിയായ മുണ്ടകനു കനത്ത തിരിച്ചടിയാണ് ഉണ്ടാകുക.