ഗുരുവായൂരില്‍ കട വരാന്തയില്‍ കിടന്നുറങ്ങിയിരുന്ന യുവാവിന്റെ പോക്കറ്റില്‍ നിന്ന് 2500 രൂപ കവര്‍ന്നു. പേരാമംഗലം ആറ്റുവളപ്പില്‍ പ്രസാദിന്റെ പണമാണ് കഴിഞ്ഞ ദിവസം കവര്‍ന്നത്. വര്‍ഷങ്ങളായി ക്ഷേത്ര പരിസരത്ത് കടവരാന്തയില്‍ കിടന്നുറങ്ങുന്ന പ്രസാദ് പഴയ സാധനങ്ങള്‍ പെറുക്കിവിറ്റാണ് കഴിയുന്നത്. സാധനങ്ങള്‍ വിറ്റു കിട്ടിയ പണം വസ്ത്രത്തിന്റെ പോക്കറ്റിലിട്ട് തെക്കേ നടയില്‍ കട വരാന്തയില്‍ പതിവുപോലെ രാത്രി കിടന്നുറങ്ങുകയായിരുന്നു. നേരം വെളുത്തപ്പോള്‍ പണം കാണാനില്ലെന്ന് പ്രസാദ് പറഞ്ഞു. പുതപ്പ് ബ്ലേഡ് ഉപയോഗിച്ച് കീറിയ നിലയിലായിരുന്നു. നേരത്തെയും ഇത്തരത്തില്‍ മോഷണങ്ങള്‍ നടന്നിരുന്നതായും പ്രസാദ് പറഞ്ഞു. മാനസിക വെല്ലുവിളി നേരിടുന്ന പ്രസാദ് പോലീസില്‍ പരാതി നല്‍കിയില്ല.