തബലയിൽ വിസ്മയം തീർക്കാൻ ഇനി ഉസ്താദ് സാക്കിർ ഹുസൈൻ ഇല്ല. ഹൃദയസംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് അമേരിക്കയിലെ സാൻഫ്രാൻസിസ്കോയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന അദ്ദേഹം എന്നെന്നേക്കുമായി വിടവാങ്ങി. 73-കാരനായ സാക്കിർ ഹുസൈൻ ഒരാഴ്ച്ചയായി ഐസിയുവിലായിരുന്നു. ഇന്നലെ രാത്രി ഇദ്ദേഹത്തിന്റെ മരണവാർത്ത പ്രചരിച്ചിരുന്നുവെങ്കിലും കുടുംബം നിഷേധിച്ചിരുന്നു. ഇന്ന് രാവിലെയാണ് മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ അനുഭവപ്പെട്ടതിനെ തുടർന്ന് ഞായറാഴ്‌ച അദ്ദേഹത്തെ സാൻ ഫ്രാൻസിസ്കോയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 1951 മാർച്ച് 9 നായിരുന്നു സാക്കിർ ഹുസൈനിന്റെ ജനനം.
1988ൽ അദ്ദേഹത്തിന് പത്മശ്രീ ലഭിച്ചു. 2002ൽ സംഗീത രംഗത്തെ സംഭാവനകൾക്ക് രാജ്യം അദ്ദേഹത്തിന് പത്മഭൂഷൺ നൽകി ആദരിച്ചു . 1നാല് തവണ അദ്ദേഹത്തിന് ഗ്രാമി അവാർഡ് ലഭിച്ചിട്ടുണ്ട് . 2023 മാർച്ച് 22 ന് രാഷ്ട്രപതി ദ്രൗപതി മുർമു പത്മവിഭൂഷൺ നൽകി ആദരിച്ചു.
കഴിഞ്ഞ ഗ്രാമി പുരസ്കാര വേദിയിലും സാക്കിർ ഹുസൈൻ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചിരുന്നു. മികച്ച ഗ്ലോബൽ മ്യൂസിക്ക് പെർഫോമൻസ്, മികച്ച കണ്ടംപററി ഇൻസ്ട്രുമെന്റൽ ആൽബം, മികച്ച ഗ്ലോബൽ മ്യൂസിക് ആൽബം എന്നീ വിഭാഗങ്ങളിലാണ് പുരസ്കാരം പങ്കിട്ടത്. മന്റോ, മിസ്റ്റർ ആന്റ് മിസിസ് അയ്യർ, വാനപ്രസ്ഥം എന്നിവയുൾപ്പെടെ ഏതാനും സിനിമകൾക്ക് സംഗീതം നൽകിയിട്ടുണ്ട്. ഹീറ്റ് ആന്റ് ഡസ്റ്റ്, ദി പെർഫക്റ്റ് മർഡർ, മിസ് ബ്യൂട്ടിസ് ചിൽഡ്രൻ, സാസ് എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
കഥക് നർത്തകിയും അധ്യാപികയുമായ അന്റോണിയ മിനെക്കോളയാണ് ഭാര്യ. അനിസ ഖുറേഷിയും ഇസബെല്ല ഖുറേഷിയുമാണ് മക്കൾ.