എൻഡിഎ എംപിമാരുടെ യോഗം ഇന്ന് ദില്ലിയിൽ ചേരും. പാർലമെന്‍റിലെ സെൻട്രൽ ഹാളിൽ രാവിലെ 11 മണിക്കാണ് യോഗം ചേരുക. യോഗത്തിൽ നരേന്ദ്രമോദിയെ പാർലമെന്‍റിലെ എൻഡിഎ നേതാവായി തെരഞ്ഞെടുക്കും. എൻഡിഎയുടെ എല്ലാ മുഖ്യമന്ത്രിമാരെയും, ഉപമുഖ്യമന്ത്രമാരെയും, ബിജെപി സംസ്ഥാന അധ്യക്ഷൻമാരെയും ഈ യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. എൻഡിഎ എംപിമാരെ മോദി അഭിസംബോധന ചെയ്യും.യോഗത്തിന് ശേഷം രാഷ്ട്രപതിയെ കണ്ട് മോദിയെ നേതാവായി നിശ്ചയിച്ചതായുള്ള കത്ത് നേതാക്കൾ നല്കും. ഞായറാഴ്ചയാണ് ദില്ലിയില്‍ സത്യപ്രതിജ്ഞ നടക്കുന്നത്. സത്യപ്രതിജ്ഞയില്‍ പങ്കെടുക്കാനായി അയല്‍ രാജ്യങ്ങളിലെ നേതാക്കൾ ദില്ലിയില്‍ എത്തും. അതേസമയം സ്പീക്കർ സ്ഥാനം വേണമെന്ന നിലപാടില്‍ ടിഡിപി ഉറച്ചു നില്‍ക്കുകയാണ്. സ്ഫീക്കർ സ്ഥാനം ടിഡിപിക്ക് നല്കുന്നതില്‍ ബിജെപി നേതാക്കൾ ഇന്നലെ ചർച്ച നടത്തി. ചന്ദ്രബാബു നായിഡു വിട്ടുവീഴ്ചയ്ക്ക് തയാറായില്ലെങ്കില്‍ സ്പീക്കർ സ്ഥാനം ബിജെപി നല്കിയേക്കും.
അതേസമയം, ഒരു ക്യാബിനറ്റ് മന്ത്രി സ്ഥാനം എന്ന ബിജെപിയുടെ നിര്‍ദേശവും ജെഡിയു തള്ളി. അര്‍ഹിക്കുന്ന പ്രാമുഖ്യം മന്ത്രിസഭയില്‍ വേണമെന്നാണ് ജെഡിയുവിന്‍റെ ആവശ്യം. അഗ്നിവീര്‍ പദ്ധതി റദ്ദാക്കണമെന്ന് ആവശ്യപ്പെടുന്നില്ലെന്നും മാറ്റം വരുത്തണമെന്നാണ് നിര്‍ദേശമെന്നും ജെഡിയു അറിയിച്ചു. സ്പീക്കര്‍ സ്ഥാനത്തിന്‍റെ കാര്യത്തില്‍ ബിജെപി തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നാണ് ടിഡിപി അറിയിച്ചിരിക്കുന്നത്.