വി പി മാമു സ്മാരക വിദ്യാഭ്യാസ പുരസ്‌കാരവും സാംസ്‌കാരിക സദസ്സും ജൂലൈ 14ന് നടക്കും

പുന്നയൂര്‍ക്കുളം സംസ്‌കാര ജിസിസിയുടെ നേതൃത്വത്തില്‍ വി പി മാമു സ്മാരക വിദ്യാഭ്യാസ പുരസ്‌കാരവും സാംസ്‌കാരിക സദസ്സും ജൂലൈ 14ന് ഞായറാഴ്ച വൈകിട്ട് മൂന്ന് മണിക്ക് പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്ത് ഹാളില്‍ നടത്തുമെന്ന് ഭാരവാഹികള്‍ പുന്നയൂര്‍ക്കുളത്ത് വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ആദരവ് 2024 എന്ന പേരില്‍ നടത്തുന്ന വി.പി.മാമു വിദ്യാഭ്യാസ പുരസ്‌കാരം വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ അഡ്വക്കറ്റ് എം.കെ.സക്കീര്‍ ഉദ്ഘാടനം ചെയ്യും. പുന്നയൂര്‍ക്കുളം പഞ്ചായത്ത് പ്രസിഡണ്ട് ജാസ്മിന്‍ ഷഹീര്‍ അധ്യക്ഷത വഹിക്കും. കവിയും ഗാനരചയിതാവുമായ എങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ മുഖ്യ അതിഥിയായിരിക്കും. കൗമാര ശാക്തീകരണ പരിപാടി എന്ന വിഷയത്തില്‍ ട്രെയിനര്‍ ഷബ്‌നാ സുല്‍ത്താന്‍ മോട്ടിവേഷന്‍ ക്ലാസ് നയിക്കും. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഫാത്തിമ ലീനസ്, സിപിഐഎം ഈസ്റ്റ് ലോക്കല്‍ സെക്രട്ടറി വി അപ്പു മാസ്റ്റര്‍ തുടങ്ങി ചാവക്കാട് ബ്ലോക്ക്, പുന്നയൂര്‍ക്കുളം പഞ്ചായത്ത് മെമ്പര്‍മാരും ചടങ്ങില്‍ പങ്കെടുക്കും. ശക്തമായ കടല്‍ തിരമാലയില്‍ അകപ്പെട്ട് മരണത്തെ അഭിമുഖീകരിച്ച വിദ്യാര്‍ത്ഥിയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന കുമാരന്‍ പടി സ്വദേശികളായ എട്ടുപേരെയും ചടങ്ങില്‍ ആദരിക്കും. സംസ്‌കാര ജീസിസി കോഡിനേഷന്‍ ചെയര്‍മാന്‍ വി താജുദ്ദീന്‍, കണ്‍വീനര്‍ നസീര്‍ പുന്നൂക്കാവ്, സംസ്‌കാര ജിസിസി ചാരിറ്റി ചെയര്‍മാന്‍ അമീര്‍ കരിയത്തില്‍, ജിസിസി എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഷഹീര്‍ ഉപ്പുങ്ങല്‍, വി.പി.ശരീഫ്, ഓഫീസ് സെക്രട്ടറി മൂസക്കുട്ടി എഇഒ, കോഡിനേറ്റര്‍ റഹീം ആലുങ്ങല്‍ തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.