എടക്കഴിയൂര്‍ നാലാംകല്ലില്‍ നാലു വയസ്സുകാരന് കുറുക്കന്റെ കടിയേറ്റു. നാലാംകല്ല് പടിഞ്ഞാറ് പുതുക്കുളത്ത് വീട്ടില്‍ റെജീന സിയാദിന്റെ മകന്‍ സയാനാണ് കുറുക്കന്റെ കടിയേറ്റത്. കഴിഞ്ഞ ദിവസം രാവിലെ 9 മണിയോടെയായിരുന്നു സംഭവം. ഇതേ സമയം വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. സഹോദരന്‍ സിനാനൊപ്പം വീടിനു മുന്നില്‍ നില്‍ക്കുമ്പോള്‍ ഓടിവന്ന കുറുക്കന്‍ സയാനെ ആക്രമിക്കുകയായിരുന്നു. ചുണ്ടിന് കടിയേറ്റതോടെ കുട്ടി നിലവിളിച്ചു കരഞ്ഞു. ഇതോടെ പരിസരവാസികള്‍ എത്തിയെങ്കിലും കുറുക്കന്‍ ഓടിപ്പോയി. ചുണ്ടിന് പരിക്കേറ്റ കുട്ടിയെ ആദ്യം ചാവക്കാട് താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.