കടവല്ലൂര്‍ ശ്രീരാമസ്വാമി ക്ഷേത്ര കവാടത്തിനരുകില്‍ മുറിച്ചിട്ട മരശിഖരങ്ങള്‍ നീക്കം ചെയ്തു. ആധുനിക രീതിയില്‍ നിര്‍മ്മാണം നടത്തിയ കല്ലുംപുറം – പഴഞ്ഞി റോഡരികിലെ കാനയിലേക്ക് പടുകൂറ്റന്‍ ആല്‍ മരത്തിന്റെ വേരിറങ്ങി കാനയിലെ നീരൊഴുക്ക് തടസ്സപ്പെടുത്തുന്നു എന്നാരോപിച്ചാണ് പഞ്ചായത്ത് മരം മുറിച്ചത്. എന്നാല്‍ വലിയ മര ശിഖരങ്ങള്‍ നീക്കം ചെയ്യാഞ്ഞത് മേഖലയില്‍ കൂടുതല്‍ വെള്ളക്കെട്ടിന് ഇടയാക്കി. പൊതുമരാമത്തിനു കീഴിലുള്ള മരം ലേലം വിളിക്കാന്‍ ആളില്ലാത്തതിനാലാണ് നീക്കം ചെയ്യാതിരുന്നത്. മഴ കനത്തോടെ കാനയില്‍ കിടക്കുന്ന മരശിഖരങ്ങള്‍ മേഖലയില്‍ കൂടുതല്‍ വെള്ളകെട്ട് ഉണ്ടാക്കുന്നു എന്ന ആരോപണത്തെ തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡണ്ടിന്റെ നേതൃത്വത്തില്‍ മരം ക്രൈയിന്‍ ഉപയോഗിച്ച് സ്വകാര്യ വ്യക്തിയുടെ സ്ഥലത്തേക്ക് മാറ്റി. ഇതോടെ കാനയിലെ നീരൊഴിക്കിനും റോഡിലെ വെള്ളക്കെട്ടിനും താല്‍ക്കാലിക പരിഹാരമായി.