അകലാട് അഞ്ചാംകല്ലില്‍ ബൈക്കും ബുള്ളറ്റും ഇടിച്ച് അപകടം. ഒരാള്‍ മരിച്ചു. മറ്റു രണ്ടുപേര്‍ക്ക് പരിക്ക്, ബൈക്ക് യാത്രികന്‍ അകലാട് എം.ഐ.സി റോഡില്‍ താമസിക്കുന്ന നന്ത്യാണത്തില്‍ മുഹമ്മദുണ്ണി (55)യാണ് മരിച്ചത്.
ബുള്ളറ്റ് യാത്രികരായ അകലാട് സ്വദേശി കാക്കനാട്ട് വീട്ടില്‍ അന്‍വര്‍ (25), എടക്കര മുണ്ടോത്തില്‍ അജ്മല്‍ (25) എന്നിവര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച്ച വൈകിട്ട് ആണ് അപകടം ഉണ്ടായത്. അകലാട് അഞ്ചാംകല്ലില്‍ ദേശീയപാത 66 പടിഞ്ഞാറെ സര്‍വീസ് റോഡില്‍ വെച്ചായിരുന്നു അപകടം. ഒരേ ദിശയിലായിരുന്നു രണ്ടു വാഹനങ്ങളും സഞ്ചരിച്ചിരുന്നത്. ബൈക്ക് പെട്ടന്ന് തിരിച്ചപ്പോള്‍ അമിത വേഗതയില്‍ വന്നിരുന്ന ബുള്ളറ്റ് ഇടിക്കുകയായിരുന്നു എന്നാണ് പറയുന്നത്. അപകടം നടന്ന ഉടന്‍തന്നെ പരിക്കേറ്റവരെ വീ കെയര്‍ ആംബുലന്‍സ് പ്രവര്‍ത്തകര്‍ ചാവക്കാട് ഹയാത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും കൂടുതല്‍ ചികിത്സക്കായി മുഹമ്മദുണ്ണിയേയും അന്‍വറിനെയും തൃശ്ശൂര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോവുന്ന തിനിടയിലാണ് മുഹമ്മദുണ്ണി മരിച്ചത്. അന്‍വര്‍ ആത്രേയ ആശുപത്രിയില്‍ ചികിത്സയിലാണ്. വടക്കേക്കാട് പോലീസെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.