ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മെയ് 11 ഞായറാഴ്ച വിവാഹ ബുക്കിങ്ങ് 200 കടന്നതോടെ ദര്‍ശനത്തിനും താലികെട്ട് ചടങ്ങിനും ദേവസ്വം പ്രത്യേക ക്രമീകരണമൊരുക്കും.താലികെട്ട് ചടങ്ങ് നിര്‍വ്വഹിക്കാന്‍ ക്ഷേത്രം കോയ്മമാരെ മണ്ഡപത്തിലേക്ക് അധികം നിയോഗിക്കും.വരനും വധുവുമടങ്ങുന്ന വിവാഹസംഘങ്ങള്‍ക്ക് നേരത്തെയെത്തി ക്ഷേത്രം തെക്കേ നടയിലെ പട്ടര്കുളത്തിനോട് ചേര്‍ന്നുള്ള റിസപ്ഷന്‍ കൗണ്ടറിലെത്തി ടോക്കണ്‍ വാങ്ങി പ്രത്യേക പന്തലില്‍ വിശ്രമിക്കാം. താലികെട്ട് ചടങ്ങിന്റെ ഊഴമാകുമ്പോള്‍ ടോക്കണ്‍ നമ്പര്‍ പ്രകാരം ഇവരെ ക്ഷേത്രം സെക്യൂരിറ്റി വിഭാഗം മേല്‍പുത്തൂര്‍ ഓഡിറ്റോറിയത്തിലേക്കും അവിടെ നിന്നും കല്യാണ മണ്ഡപത്തിലേക്കും പ്രവേശിപ്പിക്കും. വരനും വധുവും കുടുംബാംഗങ്ങളും നാല് ഫോട്ടോഗ്രാഫര്‍മാരും ഉള്‍പ്പെടെ 24 പേര്‍ക്കേ പ്രവേശനം ഉണ്ടാകു.