കിഴക്കാളൂര്‍ വിശുദ്ധമറിയം ത്രേസ്യ ദേവാലയത്തില്‍ സംയുക്ത ഊട്ട് തിരുന്നാള്‍ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ആഘോഷിച്ചു. ഇടവക മധ്യസ്ഥയായ വിശുദ്ധ മറിയം ത്രേസ്യയുടെയും വിശുദ്ധ അന്തോണിസിന്റെയും സംയുക്ത ഊട്ടുതിരുന്നാളാണ് ദേവാലയത്തില്‍ ആഘോഷിച്ചത്.
ഞായറാഴ്ച്ച രാവിലെ ദിവ്യബലിയും 9.30 ന് ആഘോഷമായ പാട്ടുകുര്‍ബ്ബാനയും നടന്നു. മേരിമാതാ മേജര്‍ സെമിനാരി പ്രൊഫസര്‍ ഫാ. സിന്റോ പൊറത്തൂര്‍ മുഖ്യകാര്‍മ്മികനായി. എല്‍തുരുത്ത് സെന്റ് അലോഷ്യസ് കോളേജിലെ പ്രൊഫസര്‍ ഫാ. ജിയോ ഫ്രാന്‍സിസ് തിരുന്നാള്‍ സന്ദേശം നല്‍കി. പാട്ടുകുര്‍ബ്ബാനയ്ക്ക് ശേഷം ഇടവക വിശ്വാസികള്‍ അണിനിരന്ന ഭക്തിനിര്‍ഭരമായ പ്രദക്ഷിണവും തുടര്‍ന്ന് ഊട്ടുനേര്‍ച്ചയും നടന്നു. നിരവധി ഭക്തജനങ്ങള്‍ തിരുകര്‍മ്മങ്ങളിലും ഊട്ട് നേര്‍ച്ചയിലും പങ്കെടുത്തു. തിരുന്നാളിന്റെ ഭാഗമായി കൊടിയേറ്റം മുതല്‍ ദിവസവും വൈകീട്ട് 6.30 ന് ദേവാലയത്തില്‍ പാട്ടുകുര്‍ബ്ബാനയുണ്ടായിരുന്നു. ഊട്ട് നേര്‍ച്ചയോടനുബന്ധിച്ച് ഭക്ഷണപൊതി വിതരണവും അമ്പ്, കിരീടം എന്നിവ എടുത്ത് വെയ്ക്കാനുള്ള സൗകര്യവും, തിരി വഴിപാടിനുള്ള സൗകര്യവും ഒരുക്കിയിരുന്നു. തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് വികാരി ഫാ. ബിജു ജോസഫ് ആലപ്പാട്ട്, കൈക്കാരന്‍മാരായ ഡേവീസ് അതിയുന്തന്‍, ജോസ് ചിരിയങ്കണ്ടത്ത്, ജനറല്‍ കണ്‍വീനര്‍ വിന്‍സെന്റ് ചുങ്കത്ത്, സിന്റോ ചൂണ്ടല്‍, ഫുഡ് കണ്‍വീനര്‍ റാഫേല്‍ അറങ്ങാശ്ശേരി, ഫൈനാന്‍സ് കണ്‍വീനര്‍ തോമസ് കുണ്ടുകുളം എന്നിവര്‍ നേതൃത്വം നല്‍കി.