പോര്‍ക്കുളത്ത് പശുവിനെ വിഴുങ്ങാന്‍ പെരുമ്പാമ്പിന്റെ ശ്രമം

പോര്‍ക്കുളം കോലാടി പാടത്ത് പശുവിനെ വിഴുങ്ങാന്‍ പെരുമ്പാമ്പിന്റെ ശ്രമം. പോര്‍ക്കുളം സ്വദേശി എഴുത്ത്പുരക്കല്‍ വീട്ടില്‍ സ്മിജിത്തിന്റെ ഉടമസ്ഥതയിലുള്ള എട്ടുമാസം പ്രായമുള്ള പശുവിനെയാണ് പാമ്പ് വരിഞ്ഞുമുറുക്കിയത്. ശനിയാഴ്ച വൈകിട്ട് ആറുമണിയോടെ പശുവിനെ അഴിക്കാന്‍ എത്തിയ ഇദ്ദേഹത്തിന്റെ മകന്‍ അഭിനവ് കൃഷ്ണയാണ് പശുവിനെ പെരുമ്പാമ്പ് ചുറ്റിവരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് പശുവിനെ ബന്ധിച്ചിരുന്ന കയര്‍ വലിച്ചതോടെ പാമ്പ് പശുവിനെ വിട്ട് സമീപത്തെ കുറ്റിക്കാട്ടിലേക്ക് ഇഴഞ്ഞു കയറി. പശുവിന്റെ പിന്‍വശത്തെ ഇരുകാലുകളിലെയും എല്ലുകള്‍ പലഭാഗങ്ങളിലും ഒടിഞ്ഞ നിലയിലാണ്. തുടര്‍ന്ന് കുന്നംകുളത്തെ വെറ്റിനറി ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി. ഞായറാഴ്ച വനം വന്യജീവി വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം അക്കിക്കാവില്‍ നിന്നും പാമ്പിനെ പിടിക്കാന്‍ റെസ്‌ക്യൂവര്‍ എത്തിയെങ്കിലും പിടികൂടാനായില്ല.

ADVERTISEMENT