കാട്ടകമ്പാല്‍ ഭഗവതി ക്ഷേത്രത്തിലെ ആനയൂട്ട് ഭക്തിസാന്ദ്രമായി

കാട്ടകമ്പാല്‍ ഭഗവതി ക്ഷേത്രത്തിലെ രാമായണമാസാചരണത്തിന്റെ ഭാഗമായി നടന്ന ആനയൂട്ട് ഭക്തിസാന്ദ്രമായി. ക്ഷേത്രത്തില്‍ പുലര്‍ച്ചെ തന്ത്രി കരകന്നൂര്‍ വടക്കേടത്ത് നാരായണന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ മഹാഗണപതി ഹോമവും ഗജപൂജയും നടന്നു. തുടര്‍ന്ന് ഔഷധക്കൂട്ടുകളോടെ തയ്യാറാക്കിയ ചേറുരുള കൊമ്പന്‍ ഊക്കന്‍ കുഞ്ചുവിന് നല്‍കി തന്ത്രി ആനയൂട്ടിന് തുടക്കം കുറിച്ചു. ക്ഷേത്രം മേല്‍ശാന്തി പള്ളിപ്പാട്ട് സുബ്രഹ്‌മണ്യന്‍ നമ്പൂതിരി സഹകാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് വഴിപാടായി നൂറുകണക്കിന് ഭക്തര്‍ ആനയൂട്ട് നടത്തി. കേരളത്തിലെ പേരുകേട്ട 11 കൊമ്പന്മാര്‍ ആനയൂട്ടില്‍ പങ്കെടുത്തു. മാസാചരണത്തിന്റെ ഭാഗമായി കര്‍ക്കിടകം ഒന്നു മുതല്‍ പത്തു വരെ ക്ഷേത്രത്തില്‍ ഭക്തരുടെ സമൂഹ രാമായണ പാരായണം നടന്നുവരുന്നു. കര്‍ക്കിടകം 16ന് ഔഷധ കഞ്ഞി വിതരണം ഉണ്ടായിരിക്കും. ആനയൂട്ടിന് ക്ഷേത്ര സംരക്ഷണ സമിതി ഭാരവാഹികള്‍ നേതൃത്വം നല്‍കി.

ADVERTISEMENT