വീട്ടുകാര്‍ മൊബൈൽ ഫോൺ നിഷേധിച്ചു; കുഴഞ്ഞുവീണ വിദ്യാർത്ഥിക്ക് രക്ഷകരായി കുന്നംകുളം പോലീസ്

വീട്ടുകാര്‍ മൊബൈല്‍ ഫോണ്‍ നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് വീട്ടുകാരുമായി വഴക്കിട്ട് മുറിയില്‍ കയറി വാതില്‍ അടച്ചതിനുശേഷം കുഴഞ്ഞുവീണ് അബോധാവസ്ഥയിലായ വിദ്യാര്‍ത്ഥിക്ക് രക്ഷകരായി കുന്നംകുളം പോലീസ്. കഴിഞ്ഞ ദിവസമാണ് സംഭവം. ചൂണ്ടല്‍ പുതുശ്ശേരി സ്വദേശിയും ആറാം ക്ലാസ്സ് വിദ്യാര്‍ത്ഥിയുമായ 12 വയസ്സുകാരനാണ് മുറിയില്‍ കുഴഞ്ഞുവീണ് അബോധാവസ്ഥയിലായത്.

വീട്ടുകാര്‍ നിരവധിതവണ വാതില്‍ മുട്ടി വിളിച്ചിട്ടും തുറക്കാത്തതിനെ തുടര്‍ന്ന് കുട്ടിയുടെ മാതാവ് പോലീസിന്റെ ഹെല്‍പ് ലൈന്‍ നമ്പറില്‍ വിളിച്ച് വിവരമറിയിച്ചു. തുടര്‍ന്ന് ഹെല്‍പ് ലൈന്‍ നമ്പറില്‍ നിന്നും കുന്നംകുളം സ്റ്റേഷനിലേക്ക് വിവരം കൈമാറി. നിമിഷങ്ങള്‍ക്കകം, ഡ്യൂട്ടിയിലുണ്ടായിരുന്ന കുന്നംകുളം സബ് ഇന്‍സ്‌പെക്ടര്‍ കെഎന്‍ ഹരിഹര സൂനു, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ ജോഷി, സിവില്‍ പോലീസ് ഓഫീസര്‍ അന്‍ഷാദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കുട്ടിയുടെ വീട്ടിലേക്കെത്തി.

പോലീസ് വിളിച്ചുനോക്കിയിട്ടും വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് പോലീസുകാര്‍ വാതില്‍ ചവിട്ടിപ്പൊളിച്ചാണ് കുട്ടിയെ പുറത്തെടുത്തത്. തുടര്‍ന്ന് പോലീസ് ജീപ്പില്‍ തന്നെ കുട്ടിയെ കുന്നംകുളം യൂണിറ്റി ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. കുട്ടി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

ADVERTISEMENT