കുന്നംകുളത്ത് വാഹനാപകടത്തില്‍ മരിച്ച ജയറാമിന്റെ സംസ്‌കാരം നടത്തി. ചൊവ്വന്നൂര്‍ സ്വദേശി പറപ്പൂര് വീട്ടില്‍ ജയറാമാണ് (55) കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്. ശനിയാഴ്ച രാത്രി 8:30 ന് കുന്നംകുളം – വടക്കാഞ്ചേരി റോഡില്‍ അറേബ്യന്‍ പാലസിനു സമീപം വെച്ചാണ് അപകടം ഉണ്ടായത്. പരിക്കേറ്റ ജയറാമിനെ നാട്ടുക്കാരുടെ നേതൃത്വത്തില്‍ കുന്നംകുളം മലങ്കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും, ചികിത്സ തുടരുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു. അറേബ്യന്‍ പാലസില്‍ നടന്ന വിവാഹസല്‍ക്കാരത്തില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ബധിരനും മൂകനുമായ ജയറാമിന്, പിറകില്‍ നിന്ന് വാഹനം വരുന്നതിന്റെ ശബ്ദം കേള്‍ക്കാന്‍ കഴിയാതെ പോയതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം. റോഡിലൂടെ സൈക്കിള്‍ ഉന്തി വരുന്നതിനിടെ പിറകില്‍ നിന്നെത്തിയ കാര്‍ ഇടിച്ചു കയറുകയായിരുന്നു. മൃതദ്ദേഹം ഞായറാഴ്ച്ച ഉച്ചതിരിഞ്ഞ് വീട്ടുവളപ്പില്‍ സംസ്‌കാരം നടത്തി.