കേബിള്‍ടിവി-ബ്രോഡ്ബാന്റ് വിതരണരംഗത്തും, പ്രാദേശിക ദൃശ്യമാധ്യമരംഗത്തും മികവിന്റെ കാല്‍നൂറ്റാണ്ട് പിന്നിട്ട് സിസിടിവി.
കമ്മ്യൂണിറ്റി കേബിള്‍ നെറ്റ് വര്‍ക്ക് ലിമിറ്റഡ് എന്ന സിസിടിവിയുടെ സില്‍വര്‍ ജൂബിലിയാഘോഷം സെപ്തംബര്‍ 28, ഞായറാഴ്ച നടക്കും. ഉച്ചയ്ക്ക് 2 മണിക്ക് കുന്നംകുളം ചെമ്മണ്ണൂര്‍ ഷേയ്ഖ് പാലസ് ഓഡിറ്റോറിയത്തില്‍ കുടുംബസംഗമത്തോടെയാണ് ആഘോഷത്തിന് തുടക്കമാവുക.കേബിള്‍ടിവി ഓപ്പറേറ്റര്‍മാര്‍, സിസിവി ജീവനക്കാര്‍ തുടങ്ങിയവരും, കുടുംബാഗങ്ങളും പങ്കെടുക്കുന്ന സംഗമം കെ.രാധാകൃഷ്ണന്‍ എം.പി. ഉദ്ഘാടനം ചെയ്യും. എ.സി.മൊയ്തീന്‍ എം.എല്‍.എ. അധ്യക്ഷനാകും. വിവിധ കലാപരിപാടികള്‍ ഉണ്ടാകും. തുടര്‍ന്ന് വൈകീട്ട് 4.30ന് ചേരുന്ന ജൂബിലി പൊതുസമ്മേളനം വിവിധ കര്‍മ്മമേഖലകളിലെ വിശിഷ്ട വ്യക്തിത്വങ്ങള്‍ 25 ചിരാതുകളില്‍ തിരി തെളിയിച്ച് ഉദ്ഘാടനം ചെയ്യും.
ചടങ്ങില്‍ സിസിടിവിയുടെ വളര്‍ച്ചയുടെ വഴികളും, വിവിധ മേഖലകളിലെ പ്രമുഖരുടെ ആശംസകളും, അനുഭവകുറിപ്പുകളും രേഖപ്പെടുത്തിയ ഇമ്പം, ഇരമ്പം എന്ന പേരിലുള്ള സോവനീര്‍ പ്രകാശനം ചെയ്യും. സില്‍വര്‍ ജൂബിലിയുടെ ഭാഗമായി മാനേജിംഗ് ഡയറക്ടര്‍ ടി.വി.ജോണ്‍സന്‍ എഴുതിയ വരികള്‍ക്ക് ഈണം നല്‍കി പ്രശസ്ത സംഗീത സംവിധായകന്‍ നിഖില്‍പ്രഭ ആലപിച്ച തീം സോങ്ങ് ചടങ്ങില്‍ പുറത്തിറക്കും. സിസിടിവി ആരംഭിച്ച ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായി യുവകവി അനില്‍കൃഷ്ണന്‍ അരിയന്നൂര്‍ എഴുതി നിഖില്‍പ്രഭ സംഗീതം നല്‍കി ഗായിക സംയുക്ത ആലപിച്ച ദൃശ്യാവിഷ്‌ക്കാരത്തിന്റെ പ്രകാശനവും നടക്കും. തുടര്‍ന്ന് നൃത്ത-ഗാന-ഹാസ്യവിരുന്നിന്റെ നിറചാര്‍ത്തൊരുക്കുന്ന മെഗാഷോ അരങ്ങേറും. ജനപ്രതിനിധികള്‍, സാമൂഹ്യപ്രവര്‍ത്തകര്‍, കലാ-സാംസ്‌ക്കാരിക മാധ്യമരംഗത്തെ പ്രമുഖര്‍, വ്യാപാരി സുഹൃത്തുക്കള്‍, ഉദ്യോഗസ്ഥ മേധാവികള്‍, സംഘടനാ ഭാരവാഹികള്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
വാര്‍ത്താസമ്മേളനത്തില്‍ സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ കെ.ടി.സഹദേവന്‍, ജോയിന്റ് കണ്‍വീനര്‍ ടി.വി.ജോണ്‍സണ്‍, ചെയര്‍മാന്‍ കെ.സി.ജോണ്‍സണ്‍, വൈസ് ചെയര്‍മാന്‍ അബ്രഹാം ലിങ്കണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.