കടങ്ങോട് പഞ്ചായത്തിലെ നീണ്ടൂര്‍ 17-ാം വാര്‍ഡില്‍ വിജയിച്ച എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി അഡ്വ.കെ.എം. നൗഷാദിനെതിരെ യു.ഡി.എഫ് ഉന്നയിച്ച കളളവോട്ട് പരാതി അടിസ്ഥാന രഹിതമാണെന്നും എല്‍.ഡി.എഫിന് മൂന്നാം തുടര്‍ ഭരണം ലഭിച്ചതില്‍ വിളറി പിടിച്ചാണ് യു.ഡി.എഫ് അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും എല്‍.ഡി.എഫ് പഞ്ചായത്ത് കമ്മറ്റി വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു. കോണ്‍ഗ്രസിന്റെ നാല്പതോളം പേര് പുറത്ത് നിന്ന് വന്ന് നീണ്ടൂര്‍ വാര്‍ഡില്‍ വോട്ട് ചെയ്തിട്ടുണ്ട്. ഫലപ്രഖ്യാപനം വരുന്നത് വരെ കോണ്‍ഗ്രസ് ആരോപണം ഉന്നയിച്ചിട്ടില്ല. പോളിംഗ് ദിവസം കോണ്‍ഗ്രസ് ബൂത്ത് ഏജന്റ്മാര്‍ ഈ വിഷയത്തില്‍ പരാതി ഉന്നയിച്ചിട്ടില്ല. സമാനമായ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ യു.ഡി.എഫും, ബി.ജെ.പിയും വിജയിച്ചിട്ടുണ്ട്. എന്നാല്‍ എല്‍.ഡി.എഫ് ഇത്തരത്തിലുള്ള വിലകുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടില്ല. ഭൂരിഭാഗം വാര്‍ഡുകളിലും എല്‍ഡിഎഫ് വലിയ ഭൂരിപക്ഷത്തിലാണ് വിജയിച്ചിട്ടുള്ളത്. സംസ്ഥാനം മുഴുവന്‍ യു ഡി എഫിന് മേല്‍കൈ ഉണ്ടായിട്ടും കടങ്ങോട് പഞ്ചായത്തിലെ തോല്‍വിയിലുണ്ടായ ജാള്യത മറച്ച് വെക്കുവാനാണ് അടിസ്ഥാനം ഇല്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വീനര്‍ പി.എസ്. പ്രസാദ് അറിയിച്ചു.



