വൈദ്യുത ലൈനിന് മുകളിലേക്ക് തെങ്ങ് കടപുഴകി വീണു ; ഒഴിവായത് വന്‍ ദുരന്തം

കുന്നംകുളം വടുതലയില്‍ തെങ്ങ് വൈദ്യുത ലൈനിന് മുകളിലേക്ക് കടപുഴകി വീണു ; ഒഴിവായത് വന്‍ ദുരന്തം. സ്വകാര്യ വ്യക്തിയുടെ പറമ്പിലെ തെങ്ങാണ് വൈദ്യുത ലൈനിന് മുകളിലേക്ക് കടപുഴകി വീണത്. വടുതല സ്‌കൂളിന് സമീപം ഇന്നലെ രാത്രി 8 മണിയോടെയായിരുന്നു സംഭവം. സ്വകാര്യ വ്യക്തിയുടെ പറമ്പിലെ തെങ്ങ് 11 കെ വി വൈദ്യുത കമ്പിക്ക് മുകളിലേക്ക് കടപുഴകി വീഴുകയായിരുന്നു. തെങ്ങ് വീണതോടെ ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്ന് നിമിഷനേരങ്ങള്‍ കൊണ്ട് കടപുഴകി വീണ തെങ്ങിന്റെ മുകള്‍വശം തീഗോളമായി മാറി.

നാട്ടുകാര്‍ വിവരമറിച്ചതിനെ തുടര്‍ന്ന് കുന്നംകുളം അഗ്‌നി രക്ഷാസേന ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി വൈദ്യുത ബന്ധം പൂര്‍ണമായും വിച്ഛേദിച്ച് തെങ്ങ് മുറിച്ച് മാറ്റി. സംഭവത്തെ തുടര്‍ന്ന് ഏറെനേരം വൈദ്യുതി തടസ്സപ്പെട്ടു. കുന്നംകുളം വട്ടംപാടം റൂട്ടില്‍ ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. അഗ്‌നിരക്ഷാസേന അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ബെന്നി മാത്യു, അഗ്‌നി രക്ഷാസേന ഉദ്യോഗസ്ഥരായ സനില്‍, അജീഷ്‌കുമാര്‍, ശരത് സ്റ്റാലിന്‍, ബിജു, ഷരീഫ്, ഗോഡ്‌സണ്‍, ശാദുരാജ് എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT