25.4 C
Kunnamkulam
Monday, July 27, 2026
Home CCTV Desk ഇനി പഴയ പോലെയല്ല, കളി മാറും!; ക്രിക്കറ്റിൽ വിപ്ലവകരമായ മാറ്റങ്ങൾ

ഇനി പഴയ പോലെയല്ല, കളി മാറും!; ക്രിക്കറ്റിൽ വിപ്ലവകരമായ മാറ്റങ്ങൾ

ക്രിക്കറ്റ് നിയമങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങൾ നടത്തിയിരിക്കുകയാണ് മെരിലിബോൺ ക്രിക്കറ്റ് ക്ലബ് അഥവാ എം സി സി. ക്രിക്കറ്റ് നിയമങ്ങളുടെ ഔദ്യോഗിക സംരക്ഷകർ എന്നറിയപ്പെടുന്നഎംസിസി 1787-ൽ ലണ്ടനിലാണ് ഈ ക്ലബ് സ്ഥാപിതമായത്. ലണ്ടനിലെ ലോർഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടാണ് എംസിസിയുടെ ആസ്ഥാനം.

ക്രിക്കറ്റ് ലോകത്തെ നിയന്ത്രിക്കുന്നത് ഐസിസി ആണെങ്കിലും, ക്രിക്കറ്റിലെ നിയമങ്ങളുണ്ടാക്കുന്നതും പരിഷ്കരിക്കുന്നതും ഇപ്പോഴും എംസിസി ആണ്. ലോകത്തിലെ ഏറ്റവും പഴക്കമേറിയതും സ്വാധീനശക്തിയുള്ളതുമായ സ്വകാര്യ ക്രിക്കറ്റ് ക്ലബ്ബുകളിൽ ഒന്നാണിത്.

73 നിയമങ്ങളിലാണ് എംസിസി ഒറ്റയടിക്ക് ഭേദഗതി വരുത്തിയിരിക്കുന്നത്. പ്രധാന മാറ്റങ്ങൾ എന്തൊക്കെയെന്ന് നോക്കാം. ഈ വർഷം ഒക്ടോബർ ഒന്നുമുതലാണ് മാറ്റങ്ങൾ പ്രാബല്യത്തിൽ വരിക.

ഒന്നിലധികം മരക്കഷ്ണങ്ങൾ ചേർത്തുവെച്ച് നിർമ്മിക്കുന്ന ‘ലാമിനേറ്റഡ്’ ബാറ്റുകൾക്ക് ക്ലബ് ക്രിക്കറ്റിൽ അനുമതി. ഇത് പരമ്പരഗാതമായി ഒറ്റത്തടിയില്‍ നിര്‍മിക്കുന്ന ബാറ്റുകളെക്കാൾ വില കുറഞ്ഞതാണ്.

 

നിലവിലെ നിയമപ്രകാരം,ടെസ്റ്റിൽ ദിവസത്തെ അവസാന ഓവറുകളിൽ വിക്കറ്റ് വീണാൽ ഉടൻ കളി നിർത്താമായിരുന്നു. എന്നാൽ പുതിയ നിയമമനുസരിച്ച്, വിക്കറ്റ് വീണാലും ആ ഓവർ പൂർത്തിയാക്കണം. പുതിയ ബാറ്റർ ക്രീസിലെത്തി ബാക്കി പന്തുകൾ നേരിടേണ്ടി വരും.

ഫീൽഡർ വിക്കറ്റിലേക്ക് പന്ത് എറിയുകയും അത് ബൗണ്ടറി കടക്കുകയും ചെയ്താൽ മാത്രമേ ഇനി ‘ഓവർത്രോ’ ആയി കണക്കാക്കൂ. ഫീൽഡറുടെ കൈയിൽ നിന്ന് പന്ത് വഴുതിപ്പോയി ബൗണ്ടറിയിൽ എത്തിയാൽ അത് ഓവർത്രോ ആയി കണക്കാക്കില്ല.

ഒരു ബാറ്റർ ഫീൽഡറുമായി കൂട്ടിയിടിക്കുകയും തുടർന്ന് സ്റ്റംപിൽ തട്ടി ബെയിൽസ് വീഴുകയും ചെയ്താൽ ഇനി മുതൽ ‘ഔട്ട്’ നൽകില്ല. എന്നാൽ ഷോട്ട് കളിക്കുന്നതിനിടെ ബാറ്റ് കൈയിൽ നിന്ന് വഴുതി സ്റ്റംപിൽ തട്ടിയാൽ അത് പഴയതുപോലെ ഹിറ്റ് വിക്കറ്റ് ഔട്ട് ആയിരിക്കും.

പന്ത് ‘ഡെഡ് ബോൾ’ ആയി പ്രഖ്യാപിക്കാൻ അത് ബൗളറുടെയോ വിക്കറ്റ് കീപ്പറുടെയോ കൈകളിൽ എത്തണമെന്ന നിർബന്ധം ഒഴിവാക്കി. പന്ത് ഫീൽഡിൽ എവിടെയെങ്കിലും നിശ്ചലമാവുകയും ഇനി റൺസ് എടുക്കാൻ സാധ്യതയില്ലെന്ന് അമ്പയർക്ക് തോന്നുകയും ചെയ്താൽ അത് ഡെഡ് ബോൾ ആയി വിളിക്കാം.

ADVERTISEMENT
error: Content is protected !!