ചൂണ്ടല്‍ പുതുശ്ശേരി അയ്യംകുളങ്ങര ഭഗവതി ക്ഷേത്രത്തിലെ പൂരാഘോഷത്തിന് തുടക്കമായി. പൂരത്തിന്റെ തത്സമയ സംപ്രേഷണം സിസിടിവി പ്രാദേശികം ചാനലില്‍ ഉച്ചയ്ക്ക് 2 മണി മുതല്‍ ആസ്വദിക്കാം. തിങ്കളാഴ്ച്ച രാവിലെ നടതുറക്കലിന് ശേഷം നിര്‍മ്മാല്യ ദര്‍ശനം, ഉഷപൂജ, നടക്കല്‍ പറ, ഉച്ച പൂജ എന്നി ചടങ്ങുകള്‍ നടന്നു. ക്ഷേത്രം തന്ത്രി പുലിയന്നൂര്‍ കൃഷ്ണന്‍ നമ്പൂതിരി ചടങ്ങുകള്‍ക്ക് കാര്‍മ്മികത്വം വഹിച്ചു. ഉച്ചയ്ക്ക് ഒരു മണിക്ക് പുതുശ്ശേരി കുളങ്ങര ക്ഷേത്രത്തില്‍ നിന്ന് ദേവസ്വം പൂരം എഴുന്നെള്ളിക്കും. കൊമ്പന്‍ അക്കിക്കാവ് കാര്‍ത്തികേയന്‍ ഭഗവതിയുടെ തിടമ്പേറ്റും. തട്ടകത്തെ 17 പ്രാദേശിക കമ്മിറ്റികളുടെ നേതൃത്വത്തിലുള്ള പൂരം എഴുന്നെള്ളിപ്പുകള്‍ നാട്ടിടവഴികളിലൂടെ പ്രദക്ഷിണം നടത്തി 4 മണി മുതല്‍ ക്ഷേത്രാങ്കണത്തിലേക്ക് എത്തി ചേരും. ഉച്ചതിരിഞ്ഞ് 5.30ന് നടക്കുന്ന കൂട്ടിയെഴുന്നള്ളിപ്പിന് പാണ്ടിമേളത്തില്‍ കുമ്പളങ്ങാട് രാമചന്ദ്രന്‍ പ്രമാണിത്വം വഹിക്കും. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍, പുതുപ്പള്ളി കേശവന്‍, ചിറക്കല്‍ കാളിദാസന്‍, ചെര്‍പ്പുളശ്ശേരി അനന്തപത്മനാഭന്‍, ആമ്പാടി ബാലന്‍, ചെര്‍പ്പുളശ്ശേരി രാജശേഖരന്‍ ഉള്‍പ്പെടെ 35ഓളം ഗജവീരന്‍മാര്‍ കൂട്ടിയെഴുന്നള്ളിപ്പില്‍ അണിനിരക്കും. പാരമ്പര്യ വേലകളും തെയ്യം ഘോഷങ്ങളും പൂരാഘോഷത്തിന് മാറ്റേകി ക്ഷേത്രാങ്കണത്തിലെത്തിചേരും.



