പോക്‌സോ കേസില്‍ ശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കുന്ന പ്രതിക്ക് മറ്റൊരു പോക്‌സോ കേസില്‍ ജീവപര്യന്തം കഠിന തടവും പിഴയും ശിക്ഷ

പോക്‌സോ കേസില്‍ ശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കുന്ന പ്രതിക്ക് മറ്റൊരു പോക്‌സോ കേസില്‍ ജീവിതാവസാനം വരെ ജീവപര്യന്തം കഠിന തടവും 60,000 രൂപ പിഴയും ശിക്ഷ. വാടാനപ്പിള്ളി ബീച്ച് ഇത്തിക്കാട്ടു വീട്ടില്‍ ഉണ്ണിമോന്‍ എന്ന 49 വയസുള്ള വിനോദിനെയാണ് ചാവക്കാട് അതിവേഗ സ്‌പെഷ്യല്‍ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷിച്ചത്. പിഴ അടക്കാത്ത പക്ഷം 6 മാസം കൂടി അധിക തടവ് അനുഭവിക്കണം. 2019 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പല തവണ ലൈംഗിക പീഡനം നടത്തി എന്നാണ് കേസ്.

മറ്റൊരു പോക്‌സോ കേസില്‍ പ്രതിക്കെതിരെ കുന്നംകുളം ഫാസ്റ്റ് ട്രാക്ക് കോടതി 73 വര്‍ഷം കഠിന തടവിനു ശിക്ഷ വിധിച്ചിരുന്നു. പീഡന വിവരം അറിഞ്ഞിട്ടും റിപ്പോര്‍ട്ട് ചെയ്യാത്തതിന് കേസിലെ 2, 3 പ്രതികള്‍ക്ക് 10000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. വാടാനപ്പള്ളി പോലീസാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സിജു മുട്ടത്ത്, അഡ്വ. സി നിഷ എന്നിവര്‍ ഹാജരായി. ലെയ്‌സണ്‍ ഓഫീസര്‍ ഗ്രേഡ് സീനിയര്‍ സിപിഒ എം ആര്‍ സിന്ധു പ്രോസിക്യൂഷനെ സഹായിച്ചു.

ADVERTISEMENT