വനിതകൾ വിധിയെഴുതും;140 മണ്ഡലങ്ങളില്‍ 129ലും പുരുഷന്മാരേക്കാള്‍ മുന്നില്‍ സ്ത്രീവോട്ടർമാർ

കേരളത്തില്‍ വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രമാണ് ഇനി ബാക്കിയുള്ളത്. സ്ഥാനാര്‍ത്ഥികളുടെ പരസ്യ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ ഇന്നലെ കൊട്ടിക്കലാശത്തോടെ അവസാനിച്ചു. നിശബ്ദദപ്രചാരണത്തിന്റെ മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. വോട്ടര്‍മാരുടെ കയ്യിലാണ് ഇനിയെല്ലാം. ആര്‍ക്ക് വിധിയെഴുതണമെന്ന് ഓരോ വോട്ടര്‍മാരും, ജനങ്ങളുടെ വോട്ട് ആര്‍ക്കായിരിക്കും എന്ന് മുന്നണികളും കൂട്ടിയും കിഴിച്ചും ചിന്തിക്കുന്ന മണിക്കൂറുകളാണ് കടന്നുപോകുന്നത്. ഈ ഘട്ടത്തില്‍ സ്ത്രീ-പുരുഷ വോട്ടര്‍മാരുടെ എണ്ണവും ചര്‍ച്ചയാകുന്നുണ്ട്.

കേരളത്തിലെ ആകെ വോട്ടര്‍മാരുടെ എണ്ണം 2,71,42,952 ആണ്. ഇതില്‍ 1,32,20,811 പേര്‍ പുരുഷന്മാരും 1,39,21,868 പേര്‍ സ്ത്രീകളുമാണ്. 273 പേര്‍ ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തികളാണ്. അതായത് കേരളം നാളെ പോളിങ് ബൂത്തില്‍ എത്തുമ്പോള്‍ നിര്‍ണ്ണായകമാകുക സ്ത്രീ വോട്ടര്‍മാരുടെ നിലപാടായിരിക്കും എന്ന് വ്യക്തം. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഏറ്റവും ഒടുവില്‍ പുറത്തിറക്കിയ വോട്ടര്‍പട്ടിക പ്രകാരം പുരുഷവോട്ടര്‍മാരെ അപേക്ഷിച്ച് 7,01,057 അധികം സ്ത്രീ വോര്‍ട്ടര്‍മാരാണ് തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കാളികളാകാന്‍ അര്‍ഹരായിട്ടുള്ളത്.

കേരളത്തിലെ 140 മണ്ഡലങ്ങളിലെയും വോട്ടര്‍മാരുടെ എണ്ണം പരിശോധിക്കുമ്പോള്‍ ശ്രദ്ധ നേടുന്ന ചില കണക്കുകള്‍ കൂടിയുണ്ട്. ആകെയുള്ളതില്‍ 11 മണ്ഡലങ്ങളില്‍ മാത്രമാണ് പുരുഷ വോട്ടര്‍മാരുടെ എണ്ണം സ്ത്രീ വോട്ടര്‍മാരേക്കാള്‍ കൂടിയിരിക്കുന്നത്. മഞ്ചേശ്വരം, കാസര്‍കോട്, കൊണ്ടോട്ടി, ഏറനാട്, കോട്ടയ്ക്കല്‍, തിരൂര്‍, താനൂര്‍, തിരൂരങ്ങാടി, വള്ളിക്കുന്ന്, വേങ്ങര, മലപ്പുറം എന്നീ മണ്ഡലങ്ങളിലാണ് ഇവ. ബാക്കിയുള്ള 129 മണ്ഡലങ്ങളിലും സ്ത്രീ വോട്ടര്‍മാരുടെ എണ്ണം പുരുഷ വോട്ടര്‍മാരേക്കാള്‍ ആയിരമോ അതിന് മുകളിലോ കൂടുതലാണ്.

മഞ്ചേശ്വരത്ത് 114312 സ്ത്രീ വോട്ടര്‍മാരും 115801 പുരുഷ വോട്ടര്‍മാരുമാണുള്ളത്. കാസര്‍കോട് മണ്ഡലത്തില്‍ 105524 പുരുഷ വോട്ടര്‍മാരുള്ളപ്പോള്‍ 105399 പേരാണ് സ്ത്രീ വോട്ടര്‍മാരുള്ളത്. കൊണ്ടോട്ടിയില്‍ ആകെ വോട്ടര്‍മാരിലെ 116003 പേര്‍ പുരുഷന്മാരും 113366 പേര്‍ സ്ത്രീകളുമാണ്. ഏറനാടിലും സമാനമായ രീതിയില്‍ 99070 സ്ത്രീ വോട്ടര്‍മാരുള്ളപ്പോള്‍ 100486 പുരുഷ വോട്ടര്‍മാരുണ്ട്.

തിരൂരില്‍ 128200 പുരുഷ വോട്ടര്‍മാരും 127229 സ്ത്രീ വോട്ടര്‍മാരുമാണ് ഉള്ളത്. താനൂരിലേക്ക് എത്തുമ്പോള്‍ സ്ത്രീ വോട്ടര്‍മാരുടെ എണ്ണം 106020 ഉം പുരുഷ വോട്ടര്‍മാരുടെ എണ്ണം 108077 ആണ്. തിരൂരങ്ങാടിയിലെ ആകെ വോട്ടര്‍മാരിലെ 113015 പേര്‍ പുരുഷന്മാരും 109776 പേര്‍ സ്ത്രീകളുമാണ്. വള്ളിക്കുന്നില്‍ 111338 പുരുഷ വോട്ടര്‍മാരുള്ളപ്പോള്‍ 109697 സ്ത്രീ വോട്ടര്‍മാരാണുള്ളത്. വേങ്ങരയിലേക്ക് എത്തുമ്പോള്‍ ഈ എണ്ണം 108365 പുരുഷന്മാര്‍, 103261 സ്ത്രീകള്‍ എന്ന നിലയിലേക്ക് ആകുന്നു. മലപ്പുറത്ത് 119984 പുരുഷ വോട്ടര്‍മാരും 118096 സ്ത്രീ വോട്ടര്‍മാരുമാണുള്ളത്.

ADVERTISEMENT