വേറിട്ട കാഴ്ചയായി അംബാസഡര്‍ കാറുകളുടെ സംഗമം

പഴമയുടെ പ്രൗഢിയും ഗതകാല സ്മരണകളും ഇരമ്പിയാര്‍ത്തപ്പോള്‍, നീണ്ടൂര്‍ ആദൂര്‍ വയലോരം ഒരു അപൂര്‍വ്വ സംഗമത്തിന് സാക്ഷിയായി. വാഹനപ്രേമികളുടെ എക്കാലത്തെയും ആവേശമായ അംബാസഡര്‍ കാറുകളുടെ ഒത്തുചേരല്‍ നാടിന് വേറിട്ടൊരു കാഴ്ചയായി മാറി.വിവിധ സ്ഥലങ്ങളില്‍ നിന്നായി മുപ്പതിലധികം അംബാസഡര്‍ കാറുകളാണ് ഈ സംഗമത്തില്‍ അണിനിരന്നത്.വെള്ളയും കറുപ്പും മുതല്‍ വിന്റേജ് ലുക്കിലുള്ള വിവിധ നിറങ്ങളിലുള്ള കാറുകള്‍ വയലോരത്തെ മനോഹരമായ പശ്ചാത്തലത്തില്‍ കണ്ണിന് കുളിര്‍മയേകുന്ന കാഴ്ചയായിരുന്നു. നിരനിരയായി കാറുകള്‍ നിരത്തിലിറങ്ങിയത് റാലിയെ വര്‍ണ്ണാഭമാക്കി.

വയലോരത്ത് നിന്നും ആരംഭിച്ച് എരുമപ്പെട്ടി, മങ്ങാട് എന്നിവടങ്ങള്‍ ചുറ്റി റാലി തിരികെ വയലോരത്ത് തന്നെ സമാപിച്ചു. വഴിയോരങ്ങളില്‍ തടിച്ചുകൂടിയ നാട്ടുകാര്‍ക്കും യാത്രക്കാര്‍ക്കും ഈ പഴയകാല രാജാക്കന്മാരുടെ നിര അവിസ്മരണീയമായ അനുഭവമാണ് സമ്മാനിച്ചത്.
സംഗമത്തിന് ഷാഹിദ്, ശ്രീരാജ്, ഖാലിദ്, രമേശ്, സ്വാനി, അലവികുട്ടി, അബ്ദുല്‍ റഹ്‌മാന്‍ വെള്ളത്തേരി എന്നിവര്‍ നേതൃത്വം നല്‍കി. വരും വര്‍ഷങ്ങളിലും ഇത്തരം ഒത്തുചേരലുകള്‍ കൂടുതല്‍ വിപുലമായി സംഘടിപ്പിക്കാനാണ് ഈ വാഹനപ്രേമികളുടെ തീരുമാനം

 

ADVERTISEMENT