ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ച് റസൂൽ പൂക്കുട്ടി; ജഗദീഷ്, സലിം കുമാർ തുടങ്ങിയവരുടെ പേരുകൾ പരിഗണനയിൽ

സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചു റസൂൽ പൂക്കുട്ടി. സർക്കാർ മാറിയ പശ്ചാത്തലത്തിലാണ് രാജി. ചീഫ് സെക്രട്ടറിക്കാണ് രാജിക്കത്ത് കൈമാറിയത്. റസൂൽ പൂക്കുട്ടിയോട് സ്ഥാനത്ത് തുടരണമെന്ന നിർദേശം യുഡിഎഫ് സർക്കാർ നൽകിയിരുന്നില്ല.

ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടിയെ ഇടത് സർക്കാറിൻ്റെ അവസാനകാലത്താണ് ചലച്ചിത്ര അക്കാദി തലപ്പത്തേക്ക് കൊണ്ടുവന്നത്. കഴിഞ്ഞ ഐഎഫ്എഫ്കെ തുടങ്ങാനിരിക്കെയായിരുന്നു അപ്രതീക്ഷിത മാറ്റം. ആശാ സമരത്തെ അനുകൂലിച്ച പ്രേംകുമാറിനെ വെട്ടുക കൂടിയായിരുന്നു ലക്ഷ്യം. ഭരണം മാറിയതോടെയാണ് റസൂൽ പൂക്കുട്ടി സ്ഥാനമൊഴിഞ്ഞത്.

റസൂൽ പൂക്കുട്ടി സ്ഥാനമൊഴിഞ്ഞതോടെ സർക്കാരിന് പുതിയ ചെയർമാനെ അക്കാദമിയിൽ നിയമിക്കേണ്ടതുണ്ട്. നേരത്തെ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച നടൻ ജഗദീഷ്, കോൺഗ്രസ് അനുഭാവം എന്നും പരസ്യമാക്കുന്ന നടൻ സലീംകുമാർ, പ്രൊഫഷണൽ കോൺഗ്രസ് തലപ്പത്തുള്ള സംവിധായകൻ ദീപു കരുണാകരൻ, ഇത്തവണ പല കോൺഗ്രസ് സ്ഥാനാർത്ഥികൾക്കും വേണ്ടി പ്രചാരണത്തിൽ സജീവമായ നടി പ്രിയങ്ക നായർ എന്നിവരുടെ പേരുകൾ സർക്കാരിൻ്റെ പരിഗണനയിലുണ്ട്. പദവികൾ വേണ്ടെന്ന് ജഗദീഷ് പറയുന്നുണ്ടെങ്കിലും ചർച്ചയിൽ പേരുണ്ട്.

ADVERTISEMENT