ഇ.ഡി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനങ്ങള്‍ ആക്രമിച്ച സംഭവത്തില്‍ സിപിഐഎം പ്രവര്‍ത്തകരായ അഞ്ച് പ്രതികള്‍ റിമാന്‍ഡില്‍. മറ്റ് നാല് പ്രതികളെ ഉടന്‍ മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കും. വധശ്രമം ഉള്‍പ്പടെ ചുമത്തിയടുത്ത കേസില്‍ ഒന്‍പത് പ്രതികള്‍ പിടിയിലായത്. അനില്‍കുമാര്‍, കിരണ്‍,അമല്‍ എന്നിവരാണ് ഇന്ന് പിടിയിലായത്. ഇതില്‍ തന്നെ ഡിവൈഎഫ്ഐ പ്രവര്ത്തകന് അമലിനെ കോട്ടയത്തെ ലോഡ്ജില്‍ നിന്നാണ് പിടികൂടിയത്. ഇഡി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനം അടിച്ചു തകര്‍ത്തതില്‍ നേരിട്ടു പങ്കാളികളായത് പത്തു പേരെന്നാണ് പൊലീസിന്റെ നിഗമനം. കൂടുതല്‍ പേര് ഉണ്ടോയെന്നു ദൃശ്യങ്ങള്‍ ശേഖരിച്ചു പരിശോധിച്ച് വരികയാണ്. സംഭവത്തില്‍ പോലീസ് മേധാവിയില്‍ നിന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നേരിട്ടു വിശദീകരണം തേടിയിരുന്നു. പിണറായി വിജയന്റെ വീടിനു മുന്നില്‍ സിപിഐഎം പ്രവര്‍ത്തകര്‍ തടിച്ചു കൂടിയിട്ടും മതിയായ സേനാംഗങ്ങളെ വിന്യസിക്കാതിരുന്നതും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ എത്താതിരുന്നതും വീഴ്ച്ചയെന്നാണ് വിമര്‍ശനം.



