വിവാദങ്ങള്‍ക്ക് വിട നല്‍കി ഗുരുവായൂര്‍ നഗരസഭ ടൗണ്‍ഹാളില്‍ ലോകകപ്പ് ഫുട്‌ബോള്‍ പ്രദര്‍ശനം ആരംഭിച്ചു. പ്രദര്‍ശനത്തിന് അനുമതി നല്‍കിയ നഗരസഭ കൗണ്‍സിലിന്റെ തീരുമാനം തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ റദ്ദാക്കിയത് വലിയ വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും കാരണമായിരുന്നു. എന്‍.കെ. അക്ബര്‍ എം.എല്‍.എ വിഷയത്തില്‍ ഇടപെടുകയും, നഗരസഭയുടെ ബൈലോ വ്യവസ്ഥകളും കൗണ്‍സിലിന്റെ തീരുമാനവും മാനിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തതോടെ ജോയിന്റ് ഡയറക്ടര്‍ വിലക്ക് നീക്കി ഉത്തരവിറക്കുകയായിരുന്നു.ജി.എസ്.എ. എന്ന സംഘടനയുമായി സഹകരിച്ച് പ്രദര്‍ശനം നടത്താനായിരുന്നു നഗരസഭയുടെ തീരുമാനം. എന്നാല്‍, സൗജന്യമായി ഹാള്‍ അനുവദിക്കുന്നത് സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്ന നഗരസഭ സെക്രട്ടറിയുടെ വിയോജനക്കുറിപ്പ് തര്‍ക്കങ്ങള്‍ക്ക് വഴിവെച്ചു. ഇതിനെത്തുടര്‍ന്ന് സെക്രട്ടറിയെ കൗണ്‍സിലര്‍മാര്‍ കയ്യേറ്റം ചെയ്ത സംഭവത്തില്‍ പോലീസ് കേസെടുത്തിരുന്നു. ഇതേ തുടര്‍ന്നുണ്ടായ കായികപ്രേമികളുടെയും ജനപ്രതിനിധികളുടെയും പ്രതിഷേധങ്ങള്‍ക്കൊടുവില്‍, സര്‍ക്കാര്‍ നിയമങ്ങള്‍ പാലിച്ച് കൗണ്‍സിലിന്റെ തീരുമാനം നടപ്പിലാക്കാന്‍ അധികൃതര്‍ അനുമതി നല്‍കുകയായിരുന്നു. പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം എന്‍.കെ.അക്ബര്‍ എം.എല്‍.എ നിര്‍വഹിച്ചു.



