ശക്തമായ കാറ്റിലും മഴയിലും മരം വീണ് ഗുരുവായൂര്‍ കോട്ടപ്പടിയില്‍ ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് രാവിലെ എട്ടുമണിയോടെ കോട്ടപ്പടി മഹാത്മാഗാന്ധി റോഡിലാണ് മരം വീണത്. സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ നിന്നിരുന്ന മരം കടപുഴകി റോഡിലേക്ക് വീഴുകയായിരുന്നു. വൈദ്യുതി ലൈനിലേക്ക് മരം വീണതിനെത്തുടര്‍ന്ന് ഒരു വൈദ്യുതി പോസ്റ്റ് റോഡിലേക്ക് ഒടിഞ്ഞു വീണു. ഇതിന്റെ ആഘാതത്തില്‍ മറ്റൊരു വൈദ്യുതി പോസ്റ്റിനും കേടുപാടുകള്‍ സംഭവിച്ചു. സംഭവമറിഞ്ഞയുടന്‍ വാര്‍ഡ് കൗണ്‍സിലര്‍ ബഷീര്‍ പൂക്കോട് വിവരമറിയിച്ചതിനെത്തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തി റോഡില്‍ വീണുകിടന്ന മരം മുറിച്ചുമാറ്റി. തുടര്‍ന്ന് കെഎസ്ഇബി അധികൃതര്‍ സ്ഥലത്തെത്തി തകര്‍ന്ന വൈദ്യുതി പോസ്റ്റ് മാറ്റി സ്ഥാപിച്ചു. അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി ഉച്ചയോടെയാണ് ഈ മേഖലയില്‍ ഗതാഗതവും വൈദ്യുതി ബന്ധവും പൂര്‍ണ്ണമായി പുനഃസ്ഥാപിച്ചത്.



