തുറക്കുളം മത്സ്യമാര്‍ക്കറ്റ് നിര്‍മ്മാണം ; കുന്നംകുളം നഗരസഭയില്‍ ആര്‍.എം.പി പ്രതിഷേധം; കൗണ്‍സില്‍ യോഗം പിരിച്ച് വിട്ടു. തുറക്കുളം മത്സ്യ മാര്‍ക്കറ്റിന്റെ നിര്‍മ്മാണ പ്രവൃത്തികളുമായി ബന്ധപ്പെട്ട് കുന്നംകുളം നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ആര്‍.എം.പി കൗണ്‍സിലര്‍മാരുടെ കടുത്ത പ്രതിഷേധം. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് അജണ്ടകള്‍ ചര്‍ച്ച ചെയ്യാനാകാതെ കൗണ്‍സില്‍ യോഗം ചെയര്‍പേഴ്‌സന്‍ പിരിച്ച് വിട്ടു. തര്‍ക്കവിഷയത്തില്‍ കൃത്യമായ പരിഹാരം കാണാതെ മുന്നോട്ട് പോകാനാകില്ലെന്ന നിലപാടിലായിരുന്നു ആര്‍.എം.പി അംഗങ്ങള്‍. മത്സ്യമാര്‍ക്കറ്റ് വിഷയത്തിന് പുറമേ പ്രദേശത്തെ രൂക്ഷമായ തെരുവുനായ പ്രശ്‌നത്തിന് നഗരസഭാ ഭരണസമിതി അടിയന്തര പരിഹാരം കാണുന്നില്ലെന്ന് ആരോപിച്ച് ബി.ജെ.പി അംഗങ്ങളും യോഗത്തില്‍ പ്രതിഷേധമുയര്‍ത്തി. പ്ലക്കാര്‍ഡുകളും നായയുടെ പാവയുമായാണ് ബി.ജെ.പി കൗണ്‍സിലര്‍മാര്‍ കൗണ്‍സില്‍ ഹാളിലെത്തിയത്. തുടര്‍ന്ന് അവര്‍ യോഗത്തില്‍ നിന്നും പ്രതിഷേധിച്ചുകൊണ്ട് ഇറങ്ങിപ്പോയെങ്കിലും യോഗം പൂര്‍ണ്ണമായി ബഹിഷ്‌കരിച്ചില്ല. കുന്നംകുളം നഗരസഭാ പരിധിയിലെ തെരുവുനായ പ്രശ്‌നത്തിന് അടിയന്തര പരിഹാരം കണ്ടെത്തുന്നതിനായി പ്രത്യേക കൗണ്‍സില്‍ കമ്മിറ്റി രൂപീകരിക്കാന്‍ യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.



