ഗുരുവായൂര്‍ ചാമുണ്ഡേശ്വരി റോഡ് പരിസരത്ത് തെരുവുനായ ശല്യം രൂക്ഷമായതോടെ നാട്ടുകാര്‍ ദുരിതത്തില്‍.പ്രദേശവാസികളായ രണ്ട് വ്യക്തികള്‍ സ്ഥിരമായി തെരുവുനായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുന്നത് ശല്യം വര്‍ദ്ധിക്കാന്‍ കാരണമാകുന്നതായി നാട്ടുകാരുടെ ആരോപണം.മുപ്പതോളം തെരുവുനായ്ക്കളാണ് ഈ പ്രദേശത്ത് കൂട്ടമായി വിഹരിക്കുന്നത്. ഇതോടെ പുലര്‍ച്ചെ ക്ഷേത്രദര്‍ശനത്തിന് പോകുന്നവരും, സ്‌കൂള്‍ കുട്ടികളുമടക്കം വലിയൊരു വിഭാഗം ജനങ്ങള്‍ ഭീതിയിലാണ്. നായ്ക്കള്‍ക്ക് തെരുവില്‍ ഭക്ഷണം നല്‍കുന്നതിനെതിരെ കോടതിവിധി നിലനില്‍ക്കുന്നുണ്ടെങ്കിലും, ഇത് ലംഘിച്ച് ഭക്ഷണം നല്‍കുന്നത് തുടരുകയാണെന്ന് പ്രദേശവാസികള്‍ പറയുന്നു. ഭക്ഷണത്തിനായി നായ്ക്കള്‍ കൂട്ടമായി തമ്പടിക്കുന്നത് കാല്‍നടയാത്രക്കാര്‍ക്കും ഇരുചക്രവാഹന യാത്രക്കാര്‍ക്കും വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്.ഏറെ നാളായി തുടരുന്ന ഈ പ്രശ്‌നത്തില്‍ അടിയന്തര പരിഹാരം ആവശ്യപ്പെട്ട് നാട്ടുകാര്‍ നഗരസഭയില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍, നടപടികള്‍ ഒന്നുമായില്ലെന്നാണ് ആക്ഷേപം. സ്‌കൂളിലേക്ക് പോകുന്ന കുട്ടികള്‍ക്കും പ്രായമായവര്‍ക്കും റോഡിലൂടെ നടക്കാന്‍ കഴിയാത്ത അവസ്ഥയാണെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. ദിവസേന നൂറുകണക്കിന് ഭക്തര്‍ എത്തുന്ന ഗുരുവായൂരിലെ പ്രധാന പാതകളിലൊന്നായ ചാമുണ്ഡേശ്വരി റോഡില്‍ അടിയന്തരമായി തെരുവുനായ ശല്യം പരിഹരിക്കാന്‍ നഗരസഭ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വരുംദിവസങ്ങളിലും അധികൃതരുടെ ഭാഗത്തുനിന്നും ഇടപെടലുകള്‍ ഉണ്ടായില്ലെങ്കില്‍ ശക്തമായ പ്രതിഷേധ പരിപാടികള്‍ക്ക് രൂപം നല്‍കുമെന്ന് നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കുന്നു.



