നീറ്റ് പരീക്ഷയുടെ ക്രമവിരുദ്ധമായ നടത്തിപ്പിന്റെ ഉത്തരവാദിത്ത്വം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഗുരുവായൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. നീതിയാണ് വേണ്ടത് ലാത്തിയും ഗ്രനേഡുമല്ല എന്ന മുദ്രാവാക്യം ഉയര്‍ത്തി ഡി.വൈ.എഫ്.ഐ ചാവക്കാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പടിഞ്ഞാറെ നടയില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് റെയില്‍വേ സ്റ്റേഷന് മുന്നില്‍ പോലീസ് തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളുമായി. ഉടന്‍ തന്നെ മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട് പ്രവര്‍ത്തകരെ ശാന്തരാക്കിയതിനാല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവായി. തുടര്‍ന്ന് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു പ്രതിഷേധിച്ചു. പ്രതിഷേധ സമരം എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി ടി. അഭിജിത് ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗം ഹസന് മുബാറക് അധ്യക്ഷത വഹിച്ചു. ഡി.വൈ.എഫ്.ഐ ജില്ലാ ജോയിന്റ് സെക്രട്ടറി എറിന് ആന്റണി, ജില്ലാ കമ്മിറ്റി അംഗം കെ.എസ്. അനൂപ്, എ.യു. ജാബിര്‍, കെ.എസ്. വിഷ്ണു, അമീറ സജീര്‍, കെ. പ്രധീഷ്
എന്നിവര്‍ സംസാരിച്ചു.



