ഗുരുവായൂരില്‍ കലാപരിപാടികള്‍ അവതരിപ്പിക്കണമെങ്കില്‍ ഇനി കീശ കൂടുതല്‍ കാലിയാകും. മേല്‍പ്പുത്തൂര്‍ ഓഡിറ്റോറിയത്തിലും ശ്രീഗുരുവായൂരപ്പന്‍ ഓഡിറ്റോറിയത്തിലും ഒരു സ്ലോട്ടിന്റെ നിരക്ക് 5,900 രൂപയില്‍നിന്ന് 11,800 രൂപയായി ഉയര്‍ത്തി. 2027 ജനുവരി ഒന്നുമുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും.ഓഡിറ്റോറിയം ബുക്കിങ്ങിലെ തിരക്ക് കുറയ്ക്കാന്‍ ദേവസ്വം 18 അടവുകളും പയറ്റി കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി 60 ദിവസം മുന്‍പേ ബുക്ക് ചെയ്യണമെന്ന നിബന്ധന കൊണ്ടുവന്നു. ഒന്നര മണിക്കൂറായിരുന്ന സ്ലോട്ട് ഒരു മണിക്കൂറായി ചുരുക്കി. തെക്കേനടയില്‍ പുതുതായി ശ്രീ ഗുരുവായൂരപ്പന്‍ ഓഡിറ്റോറിയം നിര്‍മിച്ചു. എന്നിട്ടും സ്ലോട്ടിനായുള്ള മത്സരം കുറഞ്ഞില്ല. ഒടുവില്‍ ഇരട്ടി വാടകയാണ് ദേവസ്വം കണ്ട പോംവഴി.2024 നവംബറില്‍ നവീകരണത്തിനുശേഷം അന്നത്തെ ചെയര്‍മാന്‍ ഡോ. വി.കെ. വിജയന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയാണ് വാടക 3,450 രൂപയില്‍നിന്ന് 5,900 രൂപയാക്കിയത്. ഇതാണ് ഒരു നവീകരണവും നടത്താതെ ഇരട്ടിയാക്കിയിരിക്കുന്നത്. പുതിയ നിരക്കനുസരിച്ച് ഒരു ദിവസം മുഴുവന്‍ പരിപാടി അവതരിപ്പിക്കാന്‍ ഏകദേശം 1.60 ലക്ഷം രൂപ ചെലവാകും. അതേസമയം, ഒരു സ്ലോട്ട് ബുക്ക് ചെയ്ത് നിരവധി പേരെക്കൊണ്ട് പരിപാടി അവതരിപ്പിച്ച് ചിലര്‍ പണം സമ്പാദിക്കുന്നുവെന്നു ദേവസ്വത്തിന് പരാതിയുണ്ട്. പത്തുപേരുള്ള നൃത്തസംഘത്തിലെ ഓരോ കുട്ടിയില്‍നിന്നും ഓഡിറ്റോറിയം ഫീസ് എന്ന പേരില്‍ ആയിരം രൂപ വീതം ഈടാക്കുന്നുണ്ടെന്നാണ് ദേവസ്വത്തിന്റെ ആരോപണം. ഇതും നിരക്ക് വര്‍ദ്ധനവിന് കാരണമായതായി ദേവസ്വം ചെയര്‍മാന്‍ എ.വി. ഗോപിനാഥ് പറഞ്ഞു.എന്നാല്‍ ഇതേ മയം ഓഡിറ്റോറിയം ബുക്കിങ്ങിന് ഓണ്‍ലൈന്‍ സംവിധാനം വേണമെന്ന ദീര്‍ഘകാല ആവശ്യം ഇപ്പോഴും നടപ്പായിട്ടില്ല. തിരക്ക് നിയന്ത്രിക്കാന്‍ പരീക്ഷണങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ ഇതിന്റെ അധികഭാരം ചുമക്കേണ്ടി വരുന്നത് കലാകാരന്മാരും സംഘാടകരുമാണ്.



