ഗുരുവായൂര്‍ നഗരസഭയ്ക്ക് കീഴിലുള്ള ചാവക്കാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഗ്രൗണ്ടിന്റെ ഉപയോഗം സംബന്ധിച്ച് കൗണ്‍സില്‍ യോഗത്തില്‍ വീണ്ടും തര്‍ക്കവും വിവാദവും. നഗരസഭ ഏകപക്ഷീയമായി തീരുമാനമെടുക്കുന്നതിനെതിരേ യുഡിഎഫ് ബഹളം വെച്ച് ഇറങ്ങിപ്പോയി. ബി.ജെ.പി. വിയോജിപ്പ് പ്രകടിപ്പിച്ചു.അമൃത് പദ്ധതി പ്രകാരം മൂന്നു കോടി രൂപ ചെലവിട്ട് ആധുനിക രീതിയില്‍ പണിതതാണ് സ്കൂളിലെ കളിസ്ഥലം. അത് പരിപാലിക്കാനും ബൈലോ തയ്യാറാക്കാനുമുള്ള അജണ്ടയിലാണ് തര്‍ക്കമായത്. നിര്‍മ്മാണം ഏറ്റെടുത്തിരുന്ന ഊരാളുങ്കല്‍ കമ്പനി സ്ഥലം നഗരസഭയ്ക്ക് കൈമാറാത്ത സാഹചര്യത്തില്‍ ബൈലോ തയ്യാറാക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷം അഭിപ്രായപ്പെട്ടു.
കളിസ്ഥലം ഭരണകക്ഷിയില്‍ പ്പെട്ടവരുടെ സംഘടനയായ ജി. എസ്. എയുടെ നിയന്ത്രണത്തിലാക്കുന്നതിനേയും എതിര്‍ത്തു. വിദ്യാര്‍ഥികള്‍ക്കല്ലാതെ കളിസ്ഥലം ചില സംഘടനകള്‍ക്ക് നല്‍കുന്നത് നിയമ വിരുദ്ധമാണെന്ന് നഗരസഭാ സെക്രട്ടറിയുടെ കുറിപ്പും പ്രതിപക്ഷത്തിന് തുണയായി.ഗ്രൗണ്ട് നഗരസഭയ്ക്ക്കൈമാറി കിട്ടുംവരെ അജണ്ട മാറ്റിവെക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇത് അംഗീകരിക്കാതിരുന്നതോടെ യു.ഡി.എഫ് അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി ചെയര്‍ പേഴ്സണെതിരേ മുദ്രവാക്യം വിളിച്ച് ഇറങ്ങിപ്പോവുകയായിരുന്നു. ബി.ജെ.പി. അംഗങ്ങളായ ശോഭ ഹരി നാരായണനും കൃഷ്ണ പ്രിയയും പ്രതിഷേധമറിയിച്ചു. സംസ്ഥാന സര്‍ക്കാര്‍ നഗരസഭയ്ക്ക് നല്കുന്ന വിഹിതം വെട്ടി കുറച്ചതില്‍ പട്ടിക ജാതി വിഭാഗങ്ങള്‍ക്കുള്ള പദ്ധതിയെയടക്കം ബാധിച്ചതായി സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ ഷാനി റെജി അടിയന്തിര പ്രമേയത്തില്‍ സൂചിപ്പിച്ചു. ഇതേ ചൊല്ലിയും ഏറെനേരം കൗണ്‍സില്‍ യോഗത്തില്‍ ബഹളമായി. ചെയര്‍പേഴ്സണ്‍ സുനിത അരവിന്ദന് അധ്യക്ഷത വഹിച്ചു.



