സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം. നാല് മരണം റിപ്പോര്‍ട്ട് ചെയ്തു. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി റവന്യൂ മന്ത്രിയുമായും ചീഫ് സെക്രട്ടറിയുമായും ജില്ലാ കളക്ടര്‍മാരുമായും സംസാരിച്ചതായി മുഖ്യമന്ത്രി വിഡി സതീശന്‍ അറിയിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്. ചിലയിടങ്ങളില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും റിപ്പോര്‍ട്ട് ചെയ്തു.ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ റവന്യൂ മന്ത്രി ഏകോപിപ്പിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. എന്‍ഡിആര്‍എഫ്, പൊലീസ് സേനകള്‍ ഏത് സാഹചര്യവും നേരിടാന്‍ സജ്ജമാണെന്നും പരിക്കേറ്റവര്‍ക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാനും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതിശക്തമായ മഴയില്‍ ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ കനത്ത നാശം. 4 പേര്‍ മരിച്ചു. അടൂര്‍മലയില്‍ ഉരുള്‍പൊട്ടി വീട്ടമ്മ മരിച്ചു. പയ്യാനിത്തോട്ടത്ത് വീടിന് മുകളില്‍ മണ്ണിടിഞ്ഞ് മകനും അമ്മക്കും ദാരുണാന്ത്യം.കോലാഹലമേട്ടില്‍ മണ്ണിടിഞ്ഞ് 72 കാരനും മരിച്ചു. പത്തനംതിട്ട റാന്നിയില്‍ സ്ഥിതി അതീവഗുരുതരമാണ്. റോഡുകളെല്ലാം വെള്ളത്തിലാണ്. പമ്പയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ ആശങ്കയാണ്. വെള്ളം കയറിയ വീടുകളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്. സ്ഥലത്തേക്ക് കൂടുതല്‍ ഡിങ്കി ബോട്ടുകളെത്തിക്കും. തൂമ്പാക്കുളത്ത് ഉരുള്‍പൊട്ടി. അരയാഞ്ഞിലിമണ്ണ് കോസ് വേ പൂര്‍ണമായും മുങ്ങി. 400 ഓളം കുടുംബങ്ങള്‍ ഒറ്റപ്പെട്ടു.



