പ്രശസ്ത പിന്നണി ഗായിക എസ്. ജാനകിയുടെ ഗാനങ്ങള്‍ മലയാളി മനസ്സിനെ മതേതര ആത്മീയതയിലേക്ക് നയിച്ചതായി പ്രമുഖ എഴുത്തുകാരന്‍ ആലങ്കോട് ലീലാകൃഷ്ണന്‍ പറഞ്ഞു.ചങ്ങരംകുളത്ത് വെച്ച് കാണി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച എസ്. ജാനകി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിനിമാഗാനങ്ങളിലൂടെ രൂപപ്പെട്ട മതേതര ഈശ്വരസങ്കല്‍പ്പം മലയാളിയുടെ മനസ്സിന്റെ ഭാഗമായി മാറുന്നതില്‍ എസ്. ജാനകിയുടെ ഗാനങ്ങള്‍ക്ക് വലിയ പങ്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു.മതചിഹ്നങ്ങള്‍ക്കപ്പുറം ഈശ്വരസങ്കല്‍പ്പത്തെ മതേതരമായി കാണാന്‍ ഇത്തരം ഗാനങ്ങള്‍ മലയാളിയെ സഹായിച്ചിട്ടുണ്ടെന്നും ആലങ്കോട് ലീലാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.
പി. കൃഷ്ണന്‍ നമ്പൂതിരി അധ്യക്ഷത വഹിച്ചു.ചടങ്ങിന്റെ ഭാഗമായി എസ്. ജാനകിയുടെ വേറിട്ടതും ജനപ്രിയവുമായ ഗാനങ്ങള്‍ കോര്‍ത്തിണക്കി സംഗീതാര്‍ച്ചനയും നടന്നു.പി. പി. രാജന്റെ നേതൃത്വത്തിലുള്ള വളയംകുളം സ്റ്റാര്‍ വോയ്‌സ് മ്യൂസിക് ബാന്‍ഡാണ് ഗാനാഞ്ജലി അവതരിപ്പിച്ചത്. സുനില്‍, രചന പ്രകാശ്, നസീര്‍, പി. പി. രാജന്‍, ഷംനാദ്, പ്രദീജ, കബീര്‍, വരലക്ഷ്മി, ദിവാകരന്‍, സരസിജാക്ഷി എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. കാണി ഫിലിം സൊസൈറ്റി ഭാരവാഹികള്‍, ചലച്ചിത്ര-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍, നാട്ടുകാര്‍ എന്നിവര്‍ പങ്കെടുത്തു.വി. മോഹനകൃഷ്ണന്‍ സ്വാഗതവും അടാട്ട് വാസുദേവന്‍ നന്ദിയും പറഞ്ഞു.



