‘ആശുപത്രിയിൽ പോകേണ്ട, ക്യൂ നിൽക്കേണ്ട, വെറും 20 മിനിറ്റിൽ കാഴ്ചപരിശോധനാ സർട്ടിഫിക്കറ്റ് വാട്സാപ്പിൽ കിട്ടും! ‘ സോഷ്യൽ മീഡിയയിലെ പരസ്യങ്ങളിൽ വീണ് ഓൺലൈൻ വഴി കണ്ണ് പരിശോധനാ സർട്ടിഫിക്കറ്റുകളുമായി ലേണേഴ്സ് പരീക്ഷയ്ക്കെത്തിയ അപേക്ഷകർക്ക് മോട്ടോർ വാഹന വകുപ്പിന്റെ പൂട്ട്. എറണാകുളം ആർ.ടി. ഓഫീസിൽ ലേണേഴ്സ് ടെസ്റ്റിനായി എത്തിയ യുവാക്കൾ ഹാജരാക്കിയ മെഡിക്കൽ സർട്ടിഫിക്കറ്റുകളിൽ സംശയം തോന്നിയ വെഹിക്കിൾ ഇൻസ്പെക്ടർമാർ നടത്തിയ പരിശോധനയിലാണ് തട്ടിപ്പിന്റെ ചുരുളഴിഞ്ഞത്. ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലിൽ, ‘ഡോക്ടർ ഓൺലൈനായി പരിശോധിച്ച് വാട്സാപ്പിൽ അയച്ചുതന്നതാണ്’ എന്നായിരുന്നു മറുപടി.തുടർന്ന് ഇത്തരത്തിലുള്ള ഓൺലൈൻ മെഡിക്കൽ പരിശോധനകൾക്ക് നിയമസാധുതയുണ്ടോ എന്നും ഇതിന് പിന്നിൽ പ്രവർത്തിക്കുന്നവർക്ക് അംഗീകൃത ലൈസൻസുണ്ടോ എന്നും വ്യക്തമാക്കാൻ എം.വി.ഡി., ഇന്ത്യൻ മെഡിക്കൽ അസോസിയേഷന് കത്തയച്ചു. ഇതൊരു സംഘടിത തട്ടിപ്പാണെന്ന് ഐ.എം.എ.യുടെ മറുപടിയോടെ വ്യക്തമായി.



