29.3 C
Kunnamkulam
Wednesday, August 19, 2026
Home Bureaus Guruvayur അമൃത് കുടിവെള്ള പദ്ധതിക്കായി വെട്ടിപ്പൊളിച്ച റോഡ് പുനഃസ്ഥാപിച്ചില്ല ; യാത്രക്കാര്‍ ദുരിതത്തില്‍

അമൃത് കുടിവെള്ള പദ്ധതിക്കായി വെട്ടിപ്പൊളിച്ച റോഡ് പുനഃസ്ഥാപിച്ചില്ല ; യാത്രക്കാര്‍ ദുരിതത്തില്‍

35

ഗുരുവായൂരില്‍ അമൃത് കുടിവെള്ള പദ്ധതിക്കായി വെട്ടിപ്പൊളിച്ച റോഡ് പൂര്‍വസ്ഥിതിയിലാക്കാത്തത് വാഹനയാത്രക്കാര്‍ക്ക് ദുരിതമാകുന്നു. നെന്മിനി മന്നം സ്മാരക റോഡില്‍ മണ്ണില്‍ താഴ്ന്ന മിനി ലോറി ആറു മണിക്കൂറോളം റോഡില്‍ കുടുങ്ങിയതോടെ ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു.കാസര്‍കോട് നിന്ന് വെട്ടുകല്ലുമായി എത്തിയ മിനി ലോറിയാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ റോഡില്‍ താഴ്ന്നത്. സമീപത്തെ വീട് നിര്‍മാണത്തിനായി കല്ലുമായി എത്തിയ ലോറി വളവ് തിരിയുന്നതിനിടെ പിന്‍ചക്രം റോഡരികിലെ മണ്ണില്‍ താഴുകയായിരുന്നു. ലോറി റോഡിന് കുറുകെയായതോടെ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായി നിലച്ചു. ലോറിയില്‍ ഉണ്ടായിരുന്ന കല്ലുകള്‍ മുഴുവന്‍ ഇറക്കിയശേഷം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് വൈകീട്ട് ആറുമണിയോടെയാണ് വാഹനം റോഡില്‍ നിന്ന് നീക്കിയത്. അതുവരെ ഈ റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു. റോഡ് വെട്ടിപ്പൊളിച്ചതിന് പിന്നാലെ മണ്ണിട്ട് മൂടിയെങ്കിലും ആവശ്യമായ രീതിയില്‍ ഉറപ്പിക്കുകയോ ടാറിങ് നടത്തുകയോ ചെയ്യാത്തതാണ് വാഹനങ്ങള്‍ താഴാന്‍ കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം. കഴിഞ്ഞ ദിവസങ്ങളിലും ഇതേ റോഡില്‍ വാഹനങ്ങള്‍ മണ്ണില്‍ താഴുന്ന സംഭവങ്ങള്‍ ഉണ്ടായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു.നിരവധി തവണ നഗരസഭ അധികൃതരുടെ ശ്രദ്ധയില്‍ വിഷയം കൊണ്ടുവന്നിട്ടും പ്രശ്‌നത്തിന് ശാശ്വത പരിഹാരം ഉണ്ടായിട്ടില്ലെന്നും നാട്ടുകാര്‍ ആരോപിച്ചു. റോഡ് അടിയന്തരമായി പൂര്‍വസ്ഥിതിയിലാക്കി സുരക്ഷിതമായ ഗതാഗതം ഉറപ്പാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

 

ADVERTISEMENT
error: Content is protected !!