ഹുബ്ബുല്‍ ഹബീബ് 2026 മിലാദ് ആഘോഷത്തിന്നായി അകലാട് മര്‍കസ് ഒരുങ്ങി. 27 ന് വ്യാഴാഴ്ച അന്നദാനത്തോട് കൂടി സമാപിക്കും.വിണ്ണിലും മണ്ണിലും സമാധാനത്തിന്റെ പ്രഭ പരത്തിയ മഹത്വങ്ങളുടെ ഉടമ പ്രവാചകന്‍ മുഹമ്മദ് നബിയുടെ 1501 ആം ജന്മദിനത്തിന്റെ ഭാഗമായി അകലാട് മര്‍ക്കസിന്റെ നേതൃത്വത്തില്‍ ഹുബ്ബുല്‍ ഹബീബ് 2026 വിപുലമായി ആഘോഷിക്കുകയാണ്. ഇതിന്റെ ഭാഗമായി മദ്രസ വിദ്യാര്‍ത്ഥികളുടെയും, പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും, അധ്യാപകരുടെയും നേതൃത്വത്തില്‍ സ്വാഗതസംഘം രൂപീകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. റബീഉല്‍ അവ്വല്‍ മാസം പിറന്നതോടുകൂടി നബിദിന വിളംബര റാലിയോട് കൂടിയാണ് പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. ദശദിന മൗലൂദുകള്‍, മദ്രസ വിദ്യാര്‍ത്ഥികളുടെ കലാവിരുന്നുകള്‍, മദ്രസയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കല്‍, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം, ലഹരി വിരുദ്ധ ക്യാമ്പയിന്‍, മെഡിക്കല്‍ ക്യാമ്പ്, ഹുബ്ബുല്‍ ഹബീബ് സെമിനാര്‍, പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ കലാവിരുന്ന്, ആദര്‍ശ പഠന ക്ലാസ്, കബര്‍ സിയാറത്ത്, രോഗീ സന്ദര്‍ശനം എന്നിവയാണ് ഇതിന്റെ ഭാഗമായി നടത്തുന്നത്. റബീഉല്‍ അവ്വല്‍ 12 ചൊവ്വാഴ്ച പുലര്‍ച്ച നാലുമണിക്ക് മൗലീദ് സദസ്സിന് ശേഷം അകലാട് മര്‍കസ് പ്രസിഡണ്ട് ഷംസുദ്ദീന്‍ ഹാജി പതാക ഉയര്‍ത്തും. തുടര്‍ന്ന് കുട്ടികളുടെ നബിദിന ഘോഷയാത്രയും ഹുബ്ബുല്‍ ഹബീബ് ബൈക്ക് റാലി, വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍ എന്നിവ നടത്തും. 13ന് ബുധനാഴ്ച പൊതുസമ്മേളന വേദിയില്‍ ഹംസ മുസ്ലിയാര്‍ പ്രാര്‍ത്ഥന നടത്തും. ഹുബ്ബുല്‍ ഹബീബ് കണ്‍വീനര്‍ ടി യു മുഹമ്മദ് റാഫി, ചെയര്‍മാന്‍ റിയാസ് ഫാളിലി തുടങ്ങിയവര്‍ പങ്കെടുക്കുന്ന വേദിയില്‍ അകലാട് മര്‍കസ് മുന്‍ സദര്‍ കെ കെ അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ ഉദ്ഘാടനം നിര്‍വഹിക്കും. പ്രിന്‍സിപ്പല്‍ റിഷാദ് സഖാഫി പരുവൂര്‍ മുഖ്യപ്രഭാഷണം നടത്തും. മര്‍ക്കസ് സെക്രട്ടറി മുഹമ്മദ് റാഫി സമ്മാനദാനവും, ഷമീര്‍ സുഹരി സര്‍ട്ടിഫിക്കറ്റ് വിതരണവും, അബൂബക്കര്‍ മുസ്ലിയാര്‍ അവാര്‍ഡ് വിതരണവും, എപി അബൂബക്കര്‍ ട്രോഫി വിതരണവും നടത്തും. 14 ന് രാവിലെ 10 മണിക്ക് നടത്തുന്ന അന്നദാനത്തോട് കൂടി ഈ വര്‍ഷത്തെ ഹുബ്ബുല്‍ ഹബീബ് 2026 സമാപിക്കും.



