പുന്നയൂര്‍ക്കുളം ചെറായി ക്രിയേറ്റീവ് കലാസാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ ഓണാഘോഷത്തിന്റെ ഭാഗമായി നടത്തിയ ഡേനൈറ്റ് തായംകളി മത്സരം സമാപിച്ചു.കബഡി പെരുക്കത്തിന്റെ ആവേശക്കളി കാണാന്‍ ഒട്ടേറേ പേരാണ് എത്തിയത്.വിവിധ പ്രദേശങ്ങളിലെ 16 ടീമുകളാണ് ടൂര്‍ണമെന്റില്‍ മത്സരിച്ചത്. ഫൈസല്‍ നിസാര്‍ ടീമും, മന്‍സൂര്‍ രാജേഷ് ടീമും മാറ്റുരച്ച കലാശ പോരില്‍ ഫൈസല്‍ നിസാര്‍ ടീം കിരീടം സ്വന്തമാക്കി. ഒന്നാം സമ്മാനമായി കാല്‍ ലക്ഷം രൂപയും, ഓണക്കോടിയും, രണ്ടാം സ്ഥാനക്കാര്‍ക്ക് 12,501 രൂപയും ഓണക്കോടിയുമാണ് നല്‍കിയത്. കളിക്കാന്‍ പ്രത്യേകം കളവും പന്തലും ഒരുക്കിയിട്ടുണ്ടായിരുന്നു. കാണികള്‍ കളത്തിലേക്ക് കയറാതിരിക്കാന്‍ ചുറ്റും മുള കെട്ടി തിരിച്ചിരുന്നു. 5 കബഡി കയ്യില്‍ ഒതുക്കി വച്ച് തലപ്പൊക്കത്തില്‍ എറിയുന്നതോടെ ആവേശത്തിലേക്ക് കാണികളും എത്തും. മലര്‍ന്നു വീഴുന്ന കബഡിയുടെ എണ്ണത്തിലാണ് കളത്തിലെ ചൂത് നീക്കുക. 5 ചൂതുകള്‍ 25 കളത്തിലെ 25 ചതുരത്തില്‍ കയറി പുറത്ത് ഇറങ്ങുന്നതാണ് മത്സരം. എല്ലാ ചൂതും ആദ്യം പുറത്തിറക്കുന്ന ടീം ജേതാക്കളാകും. കളത്തില്‍ ചൂത് വെട്ടലും തട വയ്ക്കലുമാണ് കളിയുടെ ആവേശം ഉയര്‍ത്തുന്നത് . ബുദ്ധിപരമായ കരു നീക്കവും കളിയില്‍ പ്രധാനമാണ്. ഇരു ടീമുകള്‍ക്കും കരു വയ്ക്കാന്‍ ഒരാള്‍ വീതം കളത്തില്‍ ഉണ്ടാകും. ഇരു ടീമുകള്‍ക്കും വേണ്ടി പുറത്ത് ആരവവമുയര്‍ത്തുന്ന കാണികളും കളിയെ ആവേശത്തിലെത്തിക്കും. രവി, ഫസലുദ്ദീന്‍, മന്‍സൂര്‍, ഷറഫുദ്ദീന്‍ എന്നിവരാണ് കളി നിയന്ത്രച്ചിരുന്നത്. വടക്കേക്കാട് എസ് ഐ നൗഫല്‍ സി വിജയികള്‍ക്ക് സമ്മാനവിതരണം നടത്തി.



