29.5 C
Kunnamkulam
Tuesday, September 1, 2026
Home Bureaus Kunnamkulam കുറുക്കന്‍പാറ മാലിന്യടെന്‍ഡര്‍ അഴിമതിയെന്നാരോപണം ; കോണ്‍ഗ്രസ് പ്രതിഷേധം

കുറുക്കന്‍പാറ മാലിന്യടെന്‍ഡര്‍ അഴിമതിയെന്നാരോപണം ; കോണ്‍ഗ്രസ് പ്രതിഷേധം

45

കുറുക്കന്‍പാറ മാലിന്യടെന്‍ഡറില്‍ അഴിമതിയെന്നാരോപണം ; കുന്നംകുളം നഗരസഭ കൗണ്‍സിലില്‍ കോണ്‍ഗ്രസ് പ്രതിഷേധം. അജണ്ടകള്‍ ചര്‍ച്ച ചെയ്യാതെ യോഗം പിരിച്ചുവിട്ടു.കുറുക്കന്‍പാറയിലെ മാലിന്യ ടെന്‍ഡറുമായി ബന്ധപ്പെട്ട അഴിമതി ആരോപണം ഉന്നയിച്ച് ഒരു വിഭാഗം കോണ്‍ഗ്രസ് അംഗങ്ങള്‍ നടത്തിയ പ്രതിഷേധത്തെ തുടര്‍ന്ന് കുന്നംകുളം നഗരസഭയുടെ അടിയന്തര കൗണ്‍സില്‍ യോഗം തടസ്സപ്പെട്ടു. ഇതോടെ അജണ്ടകള്‍ അംഗീകരിച്ചതായി അറിയിച്ച് ചെയര്‍പേഴ്‌സണ്‍ യോഗം പിരിച്ചുവിടുകയായിരുന്നു. തിങ്കളാഴ്ച ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിന്റെ ശൂന്യവേളയിലാണ് ഒരു വിഭാഗം കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ ചെയര്‍പേഴ്‌സണ്‍ സൗമ്യ അനിലന്റെ ചേംബറിന് മുന്നിലെത്തി പ്രതിഷേധിച്ചത്.കുറുക്കന്‍പാറയിലെ റിജക്റ്റഡ് വേസ്റ്റ് ടെന്‍ഡര്‍ ചെയ്ത നടപടിയില്‍ വന്‍ അഴിമതിയും നിരക്കില്‍ വന്‍ ക്രമക്കേടും നടന്നിട്ടുണ്ടെന്നാണ് കോണ്‍ഗ്രസ് അംഗങ്ങളുടെ പ്രധാന ആരോപണം. മുന്‍പ് നടന്ന കൗണ്‍സില്‍ യോഗത്തില്‍ എടുത്ത തീരുമാനത്തിന്റെ മറവില്‍ പുതിയ ഏജന്‍സിക്ക് കൂടിയ നിരക്കില്‍ ടെന്‍ഡര്‍ നല്‍കിയതിലൂടെ നഗരസഭയ്ക്ക് സാമ്പത്തിക നഷ്ടവും ക്രമക്കേടും ഉണ്ടായിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം പ്രതിഷേധമുയര്‍ത്തിയത്. ഈ വിഷയം വീണ്ടും കൗണ്‍സില്‍ ചര്‍ച്ച ചെയ്യണമെന്നും അഴിമതി പുറത്തുകൊണ്ടുവരണമെന്നും ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ കൗണ്‍സില്‍ നടപടികള്‍ പൂര്‍ണ്ണമായി തടസ്സപ്പെടുത്തിയത്.പ്രതിപക്ഷ ബഹളം കാരണം പദ്ധതി റിവിഷന്‍, ഹെല്‍ത്ത് ഗ്രാന്‍ഡ് വിനിയോഗം, കഴിഞ്ഞ വര്‍ഷത്തെ പില്ലോവര്‍ ഫണ്ട് വിതരണം തുടങ്ങിയ അടിയന്തര പ്രാധാന്യമുള്ള പ്രധാന വിഷയങ്ങളിലൊന്നും കൗണ്‍സിലിന് ചര്‍ച്ച നടത്താന്‍ സാധിച്ചില്ല.എന്നാല്‍ പ്രതിപക്ഷത്തിന്റേത് അനാവശ്യ രാഷ്ട്രീയ നാടകമാണെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ സൗമ്യ അനിലന്‍ പ്രതികരിച്ചു. കുറുക്കന്‍പാറയിലെ വേസ്റ്റ് ടെന്‍ഡര്‍ നടപടികള്‍ മുന്‍ കൗണ്‍സില്‍ യോഗങ്ങളില്‍ കൃത്യമായി ചര്‍ച്ച ചെയ്ത് എല്ലാവിധ നിയമവശങ്ങളും പാലിച്ചാണ് പുതിയ ഏജന്‍സിയെ ഏല്‍പ്പിച്ചതെന്ന് ചെയര്‍പേഴ്‌സണ്‍ വ്യക്തമാക്കി. അന്ന് കൗണ്‍സില്‍ ഐക്യകണ്‌ഠേന അംഗീകരിച്ച കാര്യങ്ങളില്‍ ഇപ്പോള്‍ അഴിമതി ആരോപിച്ച് പ്രധാനപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട കൗണ്‍സില്‍ യോഗങ്ങള്‍ തടസ്സപ്പെടുത്തുന്നത് പ്രതിപക്ഷത്തിന്റെ സ്ഥിരം ശൈലിയാണെന്നും ചെയര്‍പേഴ്‌സണ്‍ കൂട്ടിച്ചേര്‍ത്തു.

 

ADVERTISEMENT
error: Content is protected !!