ദേശീയപാത 66ല്‍ ചാവക്കാട് മുതല്‍ തങ്ങള്‍പടി വരെയുള്ള ഭാഗങ്ങളില്‍ യാത്രക്കാരും,വഴിയോരവാസികളും നേരിടുന്നത് സമാനതകളില്ലാത്ത ദുരിതം.വര്‍ഷങ്ങളായി തുടരുന്ന ഈ യാത്രാദുരിതത്തിന് മുന്നില്‍ അധികൃതര്‍ കണ്ണടയ്ക്കുകയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. മഴക്കാലമായാല്‍ റോഡിലെ കൂറ്റന്‍ കുഴികളില്‍ വെള്ളം കെട്ടിക്കിടന്ന് ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെടുന്ന അവസ്ഥയാണ്. ദീര്‍ഘദൂര ചരക്ക് ലോറികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് വാഹനങ്ങള്‍ ദിവസേന കടന്നുപോകുന്ന ഈ പാതയില്‍ അപകടങ്ങള്‍ പതിവായി മാറിയിരിക്കുന്നു. റോഡില്‍ നിന്ന് വീടുകളിലേക്ക് വെള്ളവും ചെളിയും അടിച്ചുകയറുന്നത് പ്രദേശവാസികളുടെ ജീവിതം കൂടുതല്‍ ദുസ്സഹമാക്കുന്നു. മഴ മാറിയാല്‍ പിന്നെ പൊടിശല്യമാണ് പ്രധാന വില്ലന്‍. വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ ഉയരുന്ന കനത്ത പൊടിപടലങ്ങള്‍ കാരണം പുറത്തിറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് സമീപവാസികള്‍. പൊടിപടലങ്ങള്‍ വീണ് പരിസരത്തെ കിണറുകളിലെ വെള്ളം ഉപയോഗശൂന്യമായി മാറി. കുട്ടികളും മുതിര്‍ന്നവരും ശ്വാസകോശ സംബന്ധമായ രോഗങ്ങളും മറ്റ് വിട്ടുമാറാത്ത അസുഖങ്ങളും മൂലം വലയുകയാണ്. വിവിധ രാഷ്ട്രീയ പാര്‍ട്ടികളും ജനകീയ മുന്നണികളും പ്രദേശവാസികളും ചേര്‍ന്ന് നിരവധി സമരങ്ങളും പ്രതിഷേധങ്ങളും സംഘടിപ്പിച്ചെങ്കിലും യാതൊരു പരിഹാരവും ഉണ്ടായിട്ടില്ല. കാലങ്ങളായി അനുഭവിക്കുന്ന ഈ ദുരിതത്തിന് ശാശ്വത പരിഹാരം കാണാന്‍ അധികൃതര്‍ ഉടനടി ഇടപെടണമെന്നാണ് നാട്ടുകാരുടെ ശക്തമായ ആവശ്യം.



