കടവല്ലൂര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ 12 ദിവസം നീണ്ടുനില്‍ക്കുന്ന അംഗുലീയാങ്കം കൂത്ത് തുടങ്ങി. കലാമണ്ഡലം സംഗീത് ചാക്യാരാണ് കൂത്ത് അവതരിപ്പിക്കുന്നത്.
ശക്തിഭദ്രന്റെ പ്രശസ്തമായ ‘ആശ്ചര്യചൂഡാമണി’ എന്ന നാടകത്തിലെ ഏഴ് അങ്കങ്ങളില്‍ ആറാമത്തെ അങ്കമാണു അംഗുലീയാങ്കം. ശ്രീരാമന്റെ നിര്‍ദേശപ്രകാരം മുദ്രമോതിരവുമായി ലങ്കയിലെത്തുന്ന ഹനുമാന്‍ സീതാദേവിയെ കണ്ടു തിരിച്ചെത്തുന്നതു വരെയുള്ള കഥാസന്ദര്‍ഭങ്ങളാണു 526 ശ്ലോകങ്ങള്‍ അടങ്ങുന്ന അംഗുലീയാങ്കം കൂത്തിന്റെ പ്രധാന ഇതിവൃത്തം. കൂത്തിനിടയില്‍ രാമായണത്തിലെ വിവിധ ഉപകഥകളും ചാക്യാര്‍ വിസ്തരിച്ച് അവതരിപ്പിക്കും. സംസ്‌കൃത ശ്ലോകങ്ങളും മുദ്രകളും സമന്വയിപ്പിച്ചാണു കൂത്തിന്റെ അവതരണം നടക്കുന്നത്. ശ്ലോകങ്ങള്‍ ചൊല്ലാന്‍ ഏടനാട് രാധ നങ്ങ്യാരും മിഴാവില്‍ താളമേകാന്‍ രാമചന്ദ്രന്‍ നമ്പ്യാരും കൂത്തിനു അകമ്പടിയേകും. ക്ഷേത്രത്തില്‍ ഭക്തര്‍ക്കു വഴിപാടായി കൂത്ത് സമര്‍പ്പിക്കുന്നതിനായി കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.



