സംസ്ഥാനത്ത് മഴ മുന്നറിയിപ്പുകളില്‍ മാറ്റം. ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തൃശൂര്‍, എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കൊല്ലം, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.അതേസമയം ഇന്നലെ അര്‍ദ്ധരാത്രിയിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അതിശക്തമായ മഴ ലഭിച്ചു. പലയിടങ്ങളിലും മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ച്ചയായ മഴയില്‍ ജലാശയങ്ങളിലെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങളിലും മണ്ണിടിച്ചില്‍ സാധ്യതയുള്ള മേഖലകളില്‍ പ്രത്യേക ജാഗ്രത നിര്‍ദേശം. കോട്ടയം, ഇടുക്കി പത്തനംതിട്ട ജില്ലകളിലെ മലയോര മേഖലകളില്‍ പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.



