29.5 C
Kunnamkulam
Monday, September 21, 2026
Home Bureaus Guruvayur വൈദ്യുതി ക്ഷാമം രൂക്ഷം; ഗുരുവായൂര്‍ നഗരസഭ വൈദ്യുതി പാഴാക്കുന്നതായി ആരോപണം

വൈദ്യുതി ക്ഷാമം രൂക്ഷം; ഗുരുവായൂര്‍ നഗരസഭ വൈദ്യുതി പാഴാക്കുന്നതായി ആരോപണം

30

സംസ്ഥാനത്ത് കടുത്ത വൈദ്യുതിക്ഷാമം നേരിടുമ്പോള്‍ ഗുരുവായൂര്‍ നഗരസഭ വൈദ്യുതി പാഴാക്കുന്നതായി ആരോപണം. ചാമുണ്ഡേശ്വരി റോഡില്‍ ആറുമാസത്തിലധികമായി തെരുവിളക്കുകള്‍ പകലും കത്തി കിടക്കുകയാണ്. വൈദ്യുതി പാഴാക്കുന്നതിനൊപ്പം നഗരസഭയ്ക്ക് അധിക സാമ്പത്തിക ബാധ്യതക്കും ഇത് കാരണമാകുന്നതായി നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. ടൈമറിലെ തകരാറാണ് ഇതിന് കാരണമെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. എന്നാല്‍ ഇതേ സമയം ഒരു ഭാഗത്ത് പകലും തെരുവിളക്കുകള്‍ കത്തുമ്പോള്‍, രാത്രി പല ഭാഗങ്ങളും ഇരുട്ടിലാകുന്നതായും പരാതിയുണ്ട്. കഴിഞ്ഞ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിന് മുമ്പ് തുടങ്ങിയതാണിത്. രാത്രിയില്‍ ആവശ്യമായ വെളിച്ചം ലഭിക്കാത്തത് കാല്‍നടയാത്രക്കാരുടെയും വാഹനയാത്രക്കാരുടെയും സുരക്ഷയെ ബാധിക്കുന്നുണ്ട്. ക്ഷേത്രനഗരത്തില്‍ രാത്രിയിലും പുലര്‍ച്ചെയുമായി വലിയ തോതില്‍ ആളുകള്‍ സഞ്ചരിക്കുന്നതിനാല്‍ തെരുവിളക്കുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കേണ്ടത് അനിവാര്യമാണ്. ടൈമര്‍ സംവിധാനങ്ങള്‍ അടിയന്തരമായി പരിശോധിക്കുകയും, പകല്‍ കത്തുന്ന വിളക്കുകളും രാത്രിയില്‍ പ്രകാശിക്കാത്ത വിളക്കുകളും കണ്ടെത്തി, പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നഗരസഭയുടെ ഭാഗത്തുനിന്ന് നടപടി വൈകുന്ന സാഹചര്യത്തില്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരും ബന്ധപ്പെട്ട വകുപ്പുകളും ഇടപെടണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

ADVERTISEMENT
error: Content is protected !!