കഴിഞ്ഞ മൂന്നര പതിറ്റാണ്ടിലേറെയായി സംഗീത ലോകത്ത് സജീവസാന്നിധ്യമായ പ്രമുഖ വയലിനിസ്റ്റും പാടൂര്‍ സ്വദേശിയുമായ മുസ്തഫയെ ആദരിച്ചു. പ്രദേശത്തെ കൂട്ടായ്മയായ കടവ് ചായക്കൂട്ടം ഭാരവാഹികളും നാട്ടുകാരും ചേര്‍ന്നാണ് ആദര ചടങ്ങ് സംഘടിപ്പിച്ചത്.നിരവധി സിനിമകളിലും ആല്‍ബങ്ങളിലും വയലിനിസ്റ്റായി തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള മുസ്തഫ, മുന്‍നിര ഗായകരുടെ ഗാനമേളകളിലും സജീവ സാന്നിധ്യമാണ്. എം.കെ. അര്‍ജുനന്‍ മാസ്റ്റര്‍, ജോണ്‍സണ്‍ മാസ്റ്റര്‍, വിദ്യാധരന്‍ മാസ്റ്റര്‍, മോഹന്‍ സിതാര തുടങ്ങിയ പ്രമുഖ സംഗീത സംവിധായകര്‍ക്കൊപ്പവും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. പി. ജയചന്ദ്രന്‍, എം.ജി. ശ്രീകുമാര്‍, ജി. വേണുഗോപാല്‍, ഉണ്ണി മേനോന്‍, കെ.ജി. മാര്‍ക്കോസ്, തുടങ്ങിയ പ്രമുഖ ഗായകരുടെ ഗാനമേളകളില്‍ പിന്നണി വായിച്ചിട്ടുള്ള ഇദ്ദേഹം ഗസല്‍ രംഗത്തെ പ്രശസ്തരായ ദലത്ത് അസീസ്, അനൂപ് ജലോട്ട, ജിതേഷ് സുന്ദരം, ഷഹബാസ് അമന്‍, സിതാര കൃഷ്ണകുമാര്‍, മഞ്ജരി തുടങ്ങിയവര്‍ക്കൊപ്പവും പാടൂര്‍ മുസ്തഫ, വയലിനില്‍ ശ്രുതിമീട്ടിയിട്ടുണ്ട്.സംഗീതരംഗത്തെ മികച്ച സംഭാവനകള്‍ക്ക് പുറമെ നിരവധി ശിഷ്യഗണങ്ങളെ വാര്‍ത്തെടുക്കാനും മുസ്തഫയ്ക്ക് സാധിച്ചിട്ടുണ്ട്. കുടുംബാംഗങ്ങളുടെ പൂര്‍ണ്ണ പിന്തുണയും സഹകരണവുമാണ് പ്രതിസന്ധികളെ മറികടന്ന് മുന്നേറാന്‍ തനിക്ക് കരുത്തായതെന്ന് ആദരവ് ഏറ്റുവാങ്ങിക്കൊണ്ട് മുസ്തഫ പറഞ്ഞു. ചടങ്ങില്‍ പ്രദേശത്തെ സാംസ്‌കാരിക-സാമൂഹിക രംഗത്തെ പ്രമുഖരും നാട്ടുകാരും പങ്കെടുത്തു.



