ചൂണ്ടല്‍ തായങ്കാവ് സ്വദേശി സാവിത്രിയമ്മയും മകന്‍ രാജഗോപാലും നടത്തിയ യാത്രകളെ കുറിച്ച് തയ്യാറാക്കിയ ഹൃസ്വ ചിത്രം ഹാപ്പിനെസ്സ് മെഡിസിന്‍ എന്ന ഡോക്യുമെന്ററിയുടെ ആദ്യ പ്രദര്‍ശനം സെപ്റ്റംബര്‍ 26 ന് തൃശൂരില്‍ നടക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ചേതന ഫിലിം സ്‌കൂളിന്റെ ബാനറില്‍ ഫാദര്‍ ബെന്നി ബെനഡിക്ട് സംവിധാനവും നിര്‍മാണവും നിര്‍വഹിച്ച ഹാപ്പിനെസ്സ് മെഡിസിന്‍ ഡോക്യുമെന്ററി ശനിയാഴ്ച രാവിലെ 9 മണിക്ക് തൃശൂര്‍ കൈരളി തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കും. ശരീരം തളര്‍ന്ന ശേഷം മകനൊപ്പമുള്ള യാത്രകളിലൂടെ ജീവിതത്തില്‍ ആനന്ദം കണ്ടെത്തിയ സാവിത്രിയമ്മയുടെ ജീവിതമാണ് 39 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തിലുള്ളത്. അരയ്ക്ക് താഴെ തളര്‍ന്ന സാവിത്രിയമ്മയെ വീട്ടിലെ കുടുസു മുറിയില്‍ നിന്നും മകന്‍ രാജഗോപാല്‍ 2021 മുതലാണ് യാത്രകളിലേക്ക് കൂട്ടിയത്. വീടിനടുത്തുള്ള ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച് തുടങ്ങിയ യാത്ര, വിമാനത്തിലേറി മുംബൈ എന്ന മഹാനഗരത്തോളമെത്തിയിരുന്നു. എഴുനൂറോളം ക്ഷേത്രങ്ങള്‍, മറ്റു ആരാധനാലയങ്ങള്‍ എന്നീവടങ്ങളില്‍ ഒതുങ്ങിയില്ല യാത്രകള്‍. ആഘോഷങ്ങള്‍ എവിടെയുണ്ടോ അവിടെയൊക്കെ അമ്മയെയും കൊണ്ട് രാജഗോപാല്‍ എത്തി. പക്ഷെ അവര്‍ കണ്ടത് അമ്പലങ്ങളും, പള്ളികളും, ആഘോഷങ്ങളും മാത്രം ആയിരുന്നില്ല, ഹൃദയങ്ങളുടെ ആഴമായിരുന്നു. ഈ മുഹൂര്‍ത്തങ്ങള്‍ ‘അമ്മ യാത്ര’ യൂട്യൂബ് ചാനല്‍, ഫേസ് ബുക്ക് പേജ് എന്നീ സമൂഹമാധ്യമങ്ങളിലൂടെ ചരിത്രത്തിന്റെ ഭാഗമായി കഴിഞ്ഞു.അച്ഛനമ്മമാര്‍ക്ക് പ്രായമാകുമ്പോഴേക്കും മക്കള്‍ വൃദ്ധ മന്ദിരങ്ങള്‍ അന്വേഷിക്കുന്ന ഇക്കാലത്തു സാനിധ്യവും സാമീപ്യവും പരമ പ്രധാനം എന്ന് തിരിച്ചറിഞ്ഞ രാജുവിന്റെയും അമ്മയുടെയും രേഖാചിത്രം ഡോക്യുമെന്ററി-ഹ്രസ്വ ചലച്ചിത്ര മേളകളിലൂടെ പരമാവധി ജനഹൃദയങ്ങളില്‍ എത്തിക്കുന്നതിന്റെ ഭാഗമായാണ് ചിത്രം ഒരുക്കിയത്.ഹാപ്പിനെസ്സ് മെഡിസിന്‍ ഡോക്യുമെന്ററിയുടെ സിനിമാട്ടോഗ്രാഫി നിര്‍വ്വഹിച്ചത് നന്ദകുമാര്‍ തോട്ടത്തിലാണ്, എഡിറ്റിംഗ് സജീഷ് നമ്പൂതിരി, കളര്‍ ഗ്രേഡിംഗ് എം.ബി നിലേഷ്, മ്യൂസിക് സ്‌കോര്‍ സഞ്ജയ് പ്രസന്നന്‍, സൗണ്ട് മിക്‌സിങ് റിച്ചാര്‍ഡ് അന്തിക്കാട്, അസ്സോസിയേറ്റ് സിനിമാട്ടോഗ്രാഫി ഉമാ കുമരപുരം, ലൊക്കേഷന്‍ സൗണ്ട് ആല്‍ഫ്രഡ് ജോജു എന്നിവരാണ് മറ്റു അണിയറ പ്രവര്‍ത്തകര്‍. കുന്നംകുളത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ചിത്രത്തിന്റെ സംവിധായകന്‍ ഫാ. ബെന്നി ബനഡിക്ട്, സാവിത്രിയമ്മയുടെ മകന്‍ രാജഗോപാല്‍ എന്നിവര്‍ പങ്കെടുത്തു.



