എളവള്ളി ഗ്രാമ പഞ്ചായത്തിന്റെ സമഗ്ര നെല്‍കൃഷി വികസനം പദ്ധതി നടപ്പിലാക്കുന്നത്തിന്റെ ഭാഗമായി, ഭരണസമിതിയുടെ നേതൃത്വത്തില്‍ പാടശേഖരസമിതി ഭാരവാഹികളുടെയും, എ.ഡി.സി. അംഗങ്ങളുടെയും യോഗം ചേര്‍ന്നു. കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ സമയബന്ധിതമായി വെടിവെച്ച് കൊല്ലണമെന്നും ഇടിയഞ്ചിറ റെഗുലേറ്ററിന്റെ ഷട്ടര്‍ ജലനിരപ്പിനനുസരിച്ച് സമയബന്ധിതമായി തുറക്കുകയും അടക്കുകയും ചെയ്യണമെന്നും വാഴാനി ഡാമില്‍ നിന്നും കൃഷിക്കാവശ്യമായുള്ള ജലം ലഭിക്കുമെന്ന് പഞ്ചായത്ത് ഉറപ്പുവരുത്തണമെന്നും പാടശേഖരങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനു വേണ്ടി പ്രത്യേകം പദ്ധതി തയ്യാറാക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു. ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ കെ ബി ജയ ടീച്ചര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ പഞ്ചായത്തംഗം രാഗേഷ് കണിയാംപറമ്പില്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ആഷിക്ക് വലിയകത്ത്, ടി.എന്‍ ലെനിന്‍, കെ ടി ലിംസണ്‍, പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ സനല്‍ കുന്നത്തുള്ളി, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ഷീബ, കൃഷി ഓഫീസര്‍ സ്വപ്ന തോമസ്, ചിറ്റാട്ടുകര സഹകരണ ബാങ്ക് പ്രസിഡണ്ട് അബ്ദുല്‍ ഹക്കീം, എളവള്ളി സഹകരണ ബാങ്ക് പ്രസിഡണ്ട് കെ പി രാജു എന്നിവര്‍ സംസാരിച്ചു.



