വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് തളി ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പില്‍ 71.18 ശതമാനം പോളിംഗ്. ആകെ 7136 വോട്ടര്‍മാരില്‍ 5080 പേര്‍ വോട്ട് രേഖപ്പെടുത്തി. വരവൂര്‍ പഞ്ചായത്തിലെ 12,13,14,15 16 എന്നീ അഞ്ചു വാര്‍ഡുകളും എരുമപ്പെട്ടി പഞ്ചായത്തിലെ മൂന്നാം വാര്‍ഡും ഉള്‍പ്പെടുന്നതാണ് തളി ഡിവിഷന്‍. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി രവീന്ദ്രന്‍ തിച്ചൂരും, എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി കെ.എസ്. വിജയവത്സലന്‍ മാസ്റ്ററും, എന്‍.ഡി.എ ബി.ജെ.പി സ്ഥാനാര്‍ഥിയായി രാജേഷ് കുട്ടഞ്ചേരിയും രവീന്ദ്രന്‍, ഫലലുല്ല എന്നീ രണ്ട് സ്വതന്ത്രരുമാണ് മത്സരിച്ചത്. വരവൂര്‍ പഞ്ചായത്തില്‍ ഒമ്പത് ബൂത്തുകളിലായും എരുമപ്പെട്ടിയില്‍ രണ്ട് ബൂത്തുകളിലുമായാണ് വോട്ടെടുപ്പ് നടന്നത്.
ബ്ലോക്ക് പഞ്ചായത്തിലെ 14 സീറ്റില്‍ ഏഴ് എല്‍.ഡി.എഫ്, ആറ് യു.ഡി.എഫ് ഇങ്ങനെയാണ് നിലവിലെ കക്ഷിനില. കഴിഞ്ഞ തിരഞ്ഞെടുപ്പിന് ശേഷം 7 സീറ്റില്‍ എല്‍ഡിഎഫും 7 സീറ്റില്‍ യുഡിഎഫും വിജയിച്ചിരുന്നു. എന്നാല്‍ തളിയില്‍ വിജയിച്ച യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജാഫര്‍ മാസ്റ്റര്‍ കൂറുമാറി വോട്ട് രേഖപ്പെടുത്തുകയും എല്‍.ഡി.എഫിന് ഭരണം ലഭിക്കുകയും ചെയ്തു. തുടര്‍ന്നുണ്ടായ പ്രതിഷേധത്തില്‍ ജാഫര്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് തളി ഡിവിഷനില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.



