ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ് തടഞ്ഞുനിര്‍ത്തി ഡ്രൈവറെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി പോലീസ് പിടിയിലായി. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ പാടൂര്‍ മമ്മസ്രായില്ലത്ത് സിയാദിനെയാണ് ചാവക്കാട് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പ്രീത ബാബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. തൃശ്ശൂര്‍ – ഗുരുവായൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ‘ശ്രീ ഭുവനേശ്വരി’ ബസിലെ ഡ്രൈവര്‍ക്കു നേരെ മാമാ ബസാര്‍ പല്ലവി ബസ് സ്റ്റോപ്പില്‍ വച്ചായിരുന്നു ആക്രമണം. പ്രതി ബസ് തടഞ്ഞുനിര്‍ത്തിയപ്പോള്‍ ഡ്രൈവര്‍ മാറിനില്‍ക്കാന്‍ പറഞ്ഞതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമായത്. പൊതുജനങ്ങള്‍ക്ക് ഭയവും പരിഭ്രാന്തിയും ഉണ്ടാക്കുന്ന തരത്തില്‍ ആയുധവുമായി ബസ്സിനുള്ളില്‍ അതിക്രമിച്ചുകയറിയ പ്രതി ഡ്രൈവറെ വധിക്കാന്‍ ശ്രമിക്കുകയായിരുന്നു. ചാവക്കാട്, പാവറട്ടി, ചേര്‍പ്പ്, അന്തിക്കാട്, വിയ്യൂര്‍, കുന്നംകുളം തുടങ്ങിയ വിവിധ പോലീസ് സ്റ്റേഷനുകളിലായി 27 ഓളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് പിടിയിലായ സിയാദ്. ഒരു മാസം മുമ്പ് സമാനമായ മറ്റൊരു കേസില്‍ ഒളിവില്‍ പോയ പ്രതിയെ ചാവക്കാട് പോലീസ് സാഹസികമായി പിടികൂടി കോടതിയില്‍ ഹാജരാക്കിയിരുന്നു. ഈ കേസില്‍ ജാമ്യത്തിലിരിക്കെയാണ്
പ്രതി വീണ്ടും ആക്രമണം നടത്തിയത്.



