30.1 C
Kunnamkulam
Wednesday, October 7, 2026
Home Bureaus Kechery പെരിങ്ങാട് പുഴ വനവൽക്കരണം: സംയുക്ത സർവേ നടപടികൾ നിര്‍ത്തിവച്ചു

പെരിങ്ങാട് പുഴ വനവൽക്കരണം: സംയുക്ത സർവേ നടപടികൾ നിര്‍ത്തിവച്ചു

17

പെരിങ്ങാട് പുഴ വനവല്‍ക്കരണം: സര്‍വേ നടപടികള്‍ നിര്‍ത്തിവച്ച് സര്‍ക്കാര്‍. മണലൂര്‍ നിയോജകമണ്ഡലത്തിലെ യു.ഡി.എഫ്. നേതൃത്വത്തിന്റെ ഇടപെടലിനെ തുടര്‍ന്നാണ് റവന്യൂ മന്ത്രി എ.പി. അനില്‍കുമാര്‍, ജില്ലാ കളക്ടര്‍ക്ക് സര്‍വ്വേ നിര്‍ത്താന്‍ നിര്‍ദ്ദേശം നല്‍കിയത്.കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാരിന്റെ ഫ്‌ലാഗ്ഷിപ്പ് പദ്ധതിയായ പെരിങ്ങാട് പുഴയും സമീപപ്രദേശങ്ങളും ഉള്‍പ്പെടുന്ന 234 ഏക്കര്‍ ഭൂമി പരിഹാര വനമാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ഈ മാസം 9 ാം തീയതി പദ്ധതി പ്രദേശത്ത് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന സംയുക്ത സര്‍വേ നടപടികളാണ് നിര്‍ത്തിവച്ചത്. റവന്യൂ മന്ത്രി എ.പി. അനില്‍കുമാറിന്റെ ഉത്തരവനുസരിച്ച് മറ്റൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ സര്‍വേ നടപടികള്‍ നിര്‍ത്തിവയ്ക്കാനാണ് നിര്‍ദ്ദേശം.
ഒന്നാം പിണറായി സര്‍ക്കാരിന്റെ ഫ്‌ലാഗ്ഷിപ്പ് പദ്ധതിയായ പെരിങ്ങാട് പുഴ വനവല്‍ക്കരണ പദ്ധതി ഐക്യജനാധിപത്യ മുന്നണി സര്‍ക്കാര്‍ നടപ്പിലാക്കില്ലെന്നും വനവല്‍ക്കരണവുമായി ബന്ധപ്പെട്ട ഗസറ്റ് വിജ്ഞാപനം റദ്ദാക്കുമെന്നും നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.എന്നാല്‍ സര്‍ക്കാര്‍ മാറിയെത്തിയിട്ടും ജില്ലാ കളക്ടറേറ്റിലെ ഉദ്യോഗസ്ഥര്‍ വിഷയത്തിന്റെ നിലവിലെ സ്ഥിതിഗതികള്‍ പരിശോധിക്കാതെ, പദ്ധതി പ്രദേശത്ത് സംയുക്ത സര്‍വേ നടത്തുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകുകയായിരുന്നു.ഇതിനെ തുടര്‍ന്ന് മണലൂര്‍ മണ്ഡലത്തിലെ യു.ഡി.എഫ്. നേതൃത്വം ഇടപെടുകയും പെരിങ്ങാട് പ്രദേശത്തെ നിലവിലെ സ്ഥിതിഗതികള്‍ സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തു. കേവലം എട്ട് ഏക്കറോളം കണ്ടല്‍വനം മാത്രമുള്ള പ്രദേശത്തെ 234 ഏക്കര്‍ ഭൂമി, ഇടതുപക്ഷ സര്‍ക്കാരിന്റെ ഭരണകാലത്ത് കേരളത്തില്‍ നഷ്ടപ്പെട്ട വനഭൂമിക്ക് പകരമായി പരിഹാര വനമാക്കുന്നതിനാണ് തീരുമാനിച്ചിരുന്നതെന്ന് യു.ഡി.എഫ്. നേതൃത്വം ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ സര്‍വേ നടപടികള്‍ നിര്‍ത്തിവയ്ക്കുന്നതിനുള്ള നിര്‍ദ്ദേശമാണ് ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. കെ.പി.സി.സി. സെക്രട്ടറി സി.സി. ശ്രീകുമാര്‍, പാവറട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആന്റോ ലിജോ, കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡണ്ട് സി.ജെ. സ്റ്റാന്‍ലി, മണ്ഡലം പ്രസിഡണ്ട് ജെറോം ബാബു എന്നിവര്‍ മന്ത്രിയുമായി ബന്ധപ്പെട്ട് സര്‍വ്വേ നിറുത്തിവെയ്പ്പിക്കുന്നതിന് നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!