സിഗ്‌നല്‍ സംവിധാനം നിലച്ചിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും പുനഃസ്ഥാപിക്കാന്‍ നടപടിയില്ല. അപകടങ്ങള്‍ തുടര്‍ക്കഥയായിട്ടും അധികൃതര്‍ മൗനം തുടരുന്നതോടെ താഴത്തെ അക്കിക്കാവ് ജംഗ്ഷനില്‍ യാത്രക്കാരുടെ സുരക്ഷ ചോദ്യചിഹ്നമാകുന്നു. മറ്റൊരു ദുരന്തം ഉണ്ടാകുന്നതിന് മുമ്പ് സിഗ്‌നല്‍ സംവിധാനം പുനഃസ്ഥാപിക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.കേച്ചേരിപന്നിത്തടം ബൈപ്പാസ് തുറന്നതോടെ വാഹനത്തിരക്ക് ഗണ്യമായി വര്‍ധിച്ച പ്രധാന ജംഗ്ഷനുകളിലൊന്നാണ് താഴത്തെ അക്കിക്കാവ്. ബൈപ്പാസില്‍നിന്നും സമീപ പ്രദേശങ്ങളില്‍നിന്നുമുള്ള വാഹനങ്ങള്‍ ഒരേസമയം ജംഗ്ഷനിലേക്ക് എത്തുന്നതോടെ ഗതാഗതക്കുരുക്കിനും അപകടസാധ്യതയ്ക്കും സാധ്യതയേറുകയാണ്. എന്നാല്‍ വാഹനത്തിരക്കിനനുസരിച്ച് ആവശ്യമായ ഗതാഗത നിയന്ത്രണ സംവിധാനങ്ങള്‍ ഒരുക്കുന്നതില്‍ അധികൃതര്‍ വര്‍ഷങ്ങളായി പരാജയപ്പെടുകയാണെന്നാണ് നാട്ടുകാരുടെ പരാതി. ബൈപ്പാസ് തുറന്നതോടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള വാഹനങ്ങള്‍ സംഗമിക്കുന്ന പ്രധാന കേന്ദ്രമായി ജംഗ്ഷന്‍ മാറി. എന്നാല്‍ തകരാറിലായ സിഗ്‌നല്‍ സംവിധാനം ഇപ്പോഴും പുനഃസ്ഥാപിക്കാതെ കിടക്കുകയാണ്. നിയന്ത്രണമില്ലാതെ വിവിധ ദിശകളില്‍നിന്നുള്ള വാഹനങ്ങള്‍ ജംഗ്ഷനിലൂടെ കടന്നുപോകുന്നത് അപകടസാധ്യത വര്‍ധിപ്പിക്കുന്നതായി നാട്ടുകാര്‍ പറയുന്നു.താഴത്തെ അക്കിക്കാവ് ജംഗ്ഷനിലെ അപകടസാധ്യത എത്രത്തോളം ഗുരുതരമാണെന്ന് വ്യക്തമാക്കുന്നതായിരുന്നു മാസങ്ങള്‍ക്കുമുമ്പുണ്ടായ ദുരന്തം. മറ്റൊരു കാറിനെ അപകടത്തില്‍നിന്ന് രക്ഷപ്പെടുത്തുന്നതിനിടെ നിയന്ത്രണം വിട്ട കെ.എസ്.ആര്‍.ടി.സി. ലോ-ഫ്‌ലോര്‍ ബസ് സമീപത്തെ കടമുറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കടമുറി തകര്‍ന്നുവീണതിനെത്തുടര്‍ന്ന് കല്ലും മണ്ണും വീണ് ബസ് ഡ്രൈവര്‍ക്ക് ജീവന്‍ നഷ്ടമായി.ഈ ദുരന്തത്തിന്റെ നടുക്കം മാറുംമുമ്പ് അതേ ജംഗ്ഷനില്‍ കണ്ടെയ്‌നര്‍ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവും മരണമടഞ്ഞു. തുടര്‍ച്ചയായി ഉണ്ടാകുന്ന അപകടങ്ങള്‍ ജംഗ്ഷനിലെ നിലവിലെ ഗതാഗത നിയന്ത്രണ സംവിധാനങ്ങളുടെ അപര്യാപ്തതയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. അപകടങ്ങള്‍ ആവര്‍ത്തിച്ചിട്ടും അപകടസാധ്യത കുറയ്ക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാത്തത് അധികൃതരുടെ അനാസ്ഥയാണെന്നാണ് നാട്ടുകാരുടെ ആരോപണം. അപകടം സംഭവിക്കുന്ന സമയത്ത് മാത്രം പ്രശ്‌നം ചര്‍ച്ചയാകുകയും പിന്നീട് മറന്നുപോകുകയും ചെയ്യുന്ന അവസ്ഥയാണ് തുടരുന്നതെന്നും അവര്‍ പറയുന്നു.
വാഹനത്തിരക്ക് വര്‍ധിച്ച സാഹചര്യത്തില്‍ നിലവിലുള്ള ഗതാഗതക്രമീകരണങ്ങള്‍ മാത്രം ആശ്രയിച്ച് മുന്നോട്ടുപോകാനാകില്ലെന്നാണ് നാട്ടുകാരുടെ നിലപാട്. സിഗ്‌നല്‍ സംവിധാനം അടിയന്തരമായി പരിശോധിച്ച് സാങ്കേതിക തകരാറുകള്‍ പരിഹരിച്ച് പ്രവര്‍ത്തനക്ഷമമാക്കണമെന്നും,
സിഗ്‌നല്‍ പുനഃസ്ഥാപിക്കുന്നതുവരെ ഗതാഗതം നിയന്ത്രിക്കാന്‍ ആവശ്യമായ താല്‍ക്കാലിക സംവിധാനങ്ങള്‍ ഒരുക്കണമെന്നുമുള്ള ആവശ്യമുയരുകയാണ്. മറ്റൊരു ദുരന്തത്തിനായി കാത്തുനില്‍ക്കാതെ താഴത്തെ അക്കിക്കാവ് ജംഗ്ഷനിലെ സിഗ്‌നല്‍ സംവിധാനം അടിയന്തരമായി പുനഃസ്ഥാപിക്കണമെന്നും, സുരക്ഷിതമായ ഗതാഗതത്തിനാവശ്യമായ ശാശ്വത പരിഹാരം ഒരുക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.



