സ്മാര്ട്ട് ഫോണും ഇ-മെയിലുമൊക്കെയായി ഓടുന്ന പുതിയ തലമുറയെ കത്തുകളുടെ ഊഷ്മളമായ ലോകം പരിചയപ്പെടുത്തി അന്സാര് സ്പ്രൗട്സ് പ്രീ സ്കൂള്. ഭാരതീയ തപാല് ദിനാഘോഷത്തിന്റെ ഭാഗമായി സ്കൂളില് ‘കുട്ടി പോസ്റ്റ് ഓഫീസ്’ താല്ക്കാലികമായി സജ്ജീകരിച്ചു.സ്കൂള് പ്രിന്സിപ്പല് സാജിത റസാഖ് പോസ്റ്റ് ഓഫീസിന്റെ പ്രവര്ത്തനോദ്ഘാടനം നിര്വ്വഹിച്ചു. ‘സാങ്കേതിക വിദ്യ എത്ര വളര്ന്നാലും കൈയക്ഷരത്തില് എഴുതിയ ഒരു കത്ത് നല്കുന്ന സന്തോഷം വേറെ തന്നെയാണ്. അത് കുട്ടികള് അറിയണമെന്നും പ്രിന്സിപ്പല് പറഞ്ഞു.കരിക്കാട് പോസ്റ്റ് ഓഫീസിലെ ജീവനക്കാരായ ജയപ്രഭ കെ.പി, ഷബ്ന കെ.എം എന്നിവര് കുട്ടികള്ക്ക് തപാല് വകുപ്പിന്റെ വിവിധ സേവനങ്ങളെ കുറിച്ച് ക്ലാസ് എടുത്തു. ആഘോഷത്തിന്റെ ഹൈലൈറ്റ് കുഞ്ഞുപോസ്റ്റ്മാന്മാരായിരുന്നു. വിദ്യാര്ത്ഥികള് തന്നെ പോസ്റ്റ്മാനും പോസ്റ്റ് വുമണുമായി വേഷമിട്ട് എത്തിയത് എല്ലാവര്ക്കും കൗതുകമായി. സ്കൂളില് പ്രത്യേകം തയ്യാറാക്കിയ ചുവന്ന പോസ്റ്റ് ബോക്സില് കുട്ടികള് തങ്ങളുടെ കൂട്ടുകാര്ക്കും അധ്യാപകര്ക്കും വേണ്ടി എഴുതിയ കത്തുകള് നിക്ഷേപിച്ചു. പിന്നീട് കുട്ടി പോസ്റ്റ്മാന്മാരായ ഹയ്സാന് സെഹക്ക് , ഹവ്വ സോബി, മുഹമ്മദ് തന്സില് പി.എം, സൈദ് ഇബ്രാഹിം എന്നിവര് ആ കത്തുകള് ശേഖരിച്ച് അതത് ക്ലാസുകളില് നേരിട്ട് എത്തിച്ചു നല്കി. വൈസ് പ്രിന്സിപ്പല് ഫരീദ ഇ. മുഹമ്മദ് , ജൂനിയര് പ്രിന്സിപ്പല് ബബിത ഉണ്ണികൃഷ്ണന്, അസിസ്റ്റന്റ് ജൂനിയര് പ്രിന്സിപ്പല് സജ്ന വി.പി എന്നിവര് നേതൃത്വം നല്കി.കത്തെഴുത്തിന്റെ സന്തോഷം നേരിട്ടറിഞ്ഞതിന്റെ ആവേശത്തിലായിരുന്നു ഓരോ കുരുന്നും.



